കെ.സുധാകരൻ നൽകിയ മാനനഷ്ട കേസ്; എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്

പോക്സോ കേസിൽ കെ.സുധാകരനെതിരായ വിവാദ പ്രസ്താവനയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്. എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്‍പി സാബു മാത്യു ഡിജിപിക്ക് കൈമാറി.പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് കാലാപാഹ്വാനത്തിന് കേസെടുക്കാൻ പരാതി നൽകിയത്.

അതിനിടെ കെ.സുധാകരൻ നൽകിയ മാനനഷ്ട കേസ് എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ചശേഷം ഫയലിൽ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. എം.വി ഗോവിന്ദൻ, പി.പി.ദിവ്യ, ദേശാഭിമാനി എന്നിവർക്കെതിരെയാണ് കെ.സുധാകരൻ മാനനഷ്ടകേസ് നൽകിയത്.

മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നും മൊഴിയിലുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞിരുന്നു. ദേശാഭിമാനി ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് ആരോപണം. ഇതിനെതിരെയാണ് സുധാകരൻ മാനനഷ്ടകേസ് നൽകിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp