ഇന്ത്യയുടെ അഭിമാനം കാക്കാൻ കാർഗിലിൽ വീരമൃത്യു വരിച്ച ജവാന്മാരിൽ ഒരാളാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ജെറി പ്രേംരാജ്. മധുവിധു മതിയാക്കി യുദ്ധമുഖത്തേക്ക് രാജ്യത്തിനായി പൊരുതാൻ ഇറങ്ങിയ കഥയാണ് ജെറി പ്രേം രാജിൻ്റേത്. ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാണ് 27 വർഷം മാത്രം നീണ്ടുനിന്ന ഈ ധീര ജവാന്റെ ജീവിതം.
മരണത്തിലെക്കോ ജീവിതത്തിലെക്കോ എന്ന ദശാസന്ധി വന്നപ്പോഴും രാജ്യത്തിൻറെ അഭിമാനമാണ് വലുതെന്ന് തീരുമാനിച്ച മനസ്സാണ് ക്യാപ്റ്റൻ ജെറി പ്രേം രാജിൻ്റേത്. ഏതൊരു ഭാരതീയനേയും പ്രചോദിപ്പിക്കുന്ന ഈ കത്തിലെ വാചകങ്ങൾ തന്നെ അതിന് തെളിവ്. 1999 ജൂലൈ ഏഴിനാണ് ദ്രാസിലെ ടൈർ ഹിൽസ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെ ക്യാപ്റ്റൻ ജെറി പ്രേം രാജ് വെടിയേറ്റ് വീഴുന്നത്. ഗുരുതരമായി പരിക്കേറ്റിട്ടും ശത്രു ബങ്കറുകൾ പൂർണമായും തകർത്തശേഷമാണ് ധീര ജവാൻ വീരമൃത്യു വരിച്ചത്.
വിവാഹ അവധിയിലിരിക്കെയാണ് തിരികെ യുദ്ധഭൂമിയിലേക്ക് എത്താൻ വിളി വരുന്നത്. രാജ്യത്തിനായി ഒരു മറു ചിന്തയും കൂടാതെ മടങ്ങുകയായിരുന്നു. തിരിച്ചുവന്നത് ദേശീയപതാകയിൽ പൊതിഞ്ഞ്. ഒന്നാംവർഷ ബിരുദ പഠനത്തിനിടെ വ്യോമസേനയിൽ ജോലി ലഭിച്ചതാണ് ജെറി പ്രേംരാജിന്. പക്ഷേ കരസേനയിൽ പ്രവർത്തിക്കണം എന്നതായിരുന്നു ആഗ്രഹം. ആറുവർഷത്തിനുശേഷം ആഗ്രഹം സഫലീകരിച്ചു. ഒടുവിൽ കാർഗിലിൽ നമുക്ക് നഷ്ടപ്പെട്ട 527 ധീര ജവാന്മാരിൽ ഒരാളായി പ്രോജ്ജ്വലമായ ഓർമ്മയുമായി.