ടൂറിസം രംഗത്ത് കുതിപ്പാകുവാന്‍ ചെമ്പ് ഗ്രാമപഞ്ചായത്ത്; മുറിഞ്ഞപുഴയിലെ പഴയ പാലത്തില്‍ ഞായറാഴ്ചകളിലെ കലാ-സാംസ്കാരിക പരിപാടികള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.

ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉട്ടോപ്പിയ എന്നെ കലാ-സാംസ്കാരിക സഘം “പരിണാമ” എന്ന പേരില്‍ നടത്തുന്ന സാംസ്കാരിക പരിപാടി ജന ശ്രദ്ധേയമാകുന്നു. നാട്ടിലെ കലയെയും കലാകാരന്മാരേയും വളര്‍ത്തികൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ചെമ്പ് ഗ്രാമ പഞ്ചായത്തില്‍ വൈക്കം-എറണാകുളം റൂട്ടില്‍ മുറിഞ്ഞ പുഴയിലെ പഴയ പാലത്തില്‍ ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതുവരെ നിരവധി കലാകാരന്മാര്‍ ഇവിടെ പരിപാടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു. കുടുംബവുമായി സായന്തനം ചിലവഴിക്കാന്‍ എത്തുന്നവര്‍ക്ക് ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ് ഈ കലാനിശ.

മൂവാറ്റുപുഴയാറിന് കുറുകെ മുറിഞ്ഞപുഴയെയും കാട്ടിക്കുന്നിനെയും ബന്ധിപ്പിച്ചാണ് മുറിഞ്ഞപ്പുഴ പാലം സ്ഥിതി ചെയ്യുന്നത്. മുന്പ് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന പാലത്തിന് പകരം സമീപത്ത് തന്നെ പുതിയ പാലം വന്നതോടെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു പഴയ പാലം. ലോക സഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ മനസില്‍ ഉദിച്ച ആശയമായിരുന്നു ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ പാലം ടൂറിസം വികസനത്തിന് ഉപയോഗപ്രദമാക്കാം എന്നുള്ളത്. ചെമ്പ് ഗ്രാമപഞ്ചായത്തും ഇതിന് മുന്‍കൈ എടുത്ത് രംഗത്ത് വന്നതോടെ പരിപാടി വന്‍ വിജയമായി

വീഡിയോ കാണുവാനായി ക്ലിക്ക് ചെയ്യുക

ചെമ്പ് ഗ്രാമത്തില്‍ നിന്നും അയല്‍ പഞ്ചായത്തുകളില്‍ നിന്നും നൂറു കണക്കിനു ആളുകളാണ് ഇവിടെ എല്ലാ ഞായറാഴ്ചകളിലും ഒത്തുകൂടുന്നത്. ഇത് പഞ്ചായത്തിന്റെ ടൂറിസം വികസനങ്ങളില്‍ ഒരു വന്‍ കുതിച്ചുചാട്ടം ഉണ്ടാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp