സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുമായി കേരളം മുന്നോട്ട്; സാവകാശം തേടി ഊര്‍ജമന്ത്രിക്ക് കത്ത്

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വിഷയത്തില്‍ സമവായത്തിന് സാധ്യത തേടാനാണ് വൈദ്യുതി ബോര്‍ഡ് ശ്രമിക്കുന്നത്. മൂന്ന് മാസത്തെ സാവകാശം ആവശ്യപ്പെട്ട് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിങ്ങിന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കത്തയച്ചു. ടോട്ടക്‌സ് മാതൃകയ്ക്ക് ബദല്‍ കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

നേരത്തെ വൈദ്യുതി ബോര്‍ഡിലെ ഇടതുസംഘടനകളും സിപിഐഎം കേന്ദ്രനേതൃത്വവും അടക്കം സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ടോട്ടക്‌സ് മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നത് ദോഷകരമാകും എന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ മരവിപ്പിച്ച തുടര്‍ നടപടികളാണ് ഇപ്പോള്‍ വീണ്ടും തുടങ്ങുന്നത്. ഏതെങ്കിലും തരത്തില്‍ സമവായത്തില്‍ എത്താന്‍ സാധ്യതയുണ്ടോ എന്നാണ് ബോര്‍ഡ് നിലവില്‍ പരിശോധിക്കുന്നത്. ടോട്ടക്‌സ് മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നത് മൂലം സിഡാക്കിന്റെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താമോ എന്നാണ് പരിശോധിക്കുന്നത്. ഒപ്പം കെ ഫോണിന്റെ കേബിള്‍ ഉപയോഗപ്പെടുത്താനും സാധ്യത പരിശോധിക്കുന്നുണ്ട്.

10,475 കോടി രൂപയുടെ കേന്ദ്ര പദ്ധതിയാണ് കേരളം നടപ്പാക്കാന്‍ പോകുന്നത്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കുള്ള 8206 കോടി രൂപയ്ക്കുപുറമേ വൈദ്യുതി വിതരണനഷ്ടം കുറയ്ക്കുന്നതിനുള്ള 2269 കോടിയുടെ പദ്ധതിയുമുള്‍പ്പെടെയാണിത്. 2019ലാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് കേരളം തുടക്കമിട്ടത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം കേശവദാസപുരത്ത് ടെന്‍ഡര്‍ ക്ഷണിച്ചു. കമ്പനി പറഞ്ഞ തുക കൂടുതലായതിനാല്‍ നീക്കം ഉപേക്ഷിച്ചു. പിന്നീട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് 10,475 കോടി രൂപയുടെ പദ്ധതി ഊര്‍ജമന്ത്രാലയത്തിന് സമര്‍പ്പിച്ചത്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp