‘മതത്തൊടുള്ള താത്പര്യം കുറയുന്നു, ‘സംഗീതം ഇസ്ലാമിക വിരുദ്ധം’; സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനില്‍ സംഗീത ഉപകരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് യുവാക്കൾക്ക് മതത്തൊടുള്ള താത്പര്യം കുറയാൻ കാരണമാകും. അതിനാലാണ് ഇത്തരം നടപടിയെന്ന് താലിബാൻ മന്ത്രാലയത്തിന്റെ പ്രതിനിധി അസീസ് അൽ-റഹ്‌മാൻ അൽ-മുഹാജിർ പറഞ്ഞു. നിരോധനത്തിന് പിന്നാലെ സംഗീത ഉപകരണങ്ങള്‍ പിടിച്ചെടുത്ത് കത്തിച്ചു.

പ്രഖ്യാപനത്തിന് പിന്നാലെ പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്ത് പ്രവിശ്യയില്‍ ആയിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സംഗീത ഉപകരണങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.2021ല്‍ അഫ്ഗാനിസ്ഥാന്‍ ഭരണമേറ്റെടുത്തതിന് ശേഷം താലിബാന്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളില്‍ ഒടുവിലത്തേതാണ് സംഗീത ഉപകരണങ്ങള്‍ക്കുളള നിരോധനം.

യുവാക്കളെ വഴിതെറ്റിക്കുമെന്നാണ് സംഗീത ഉപരോധത്തിന് താലിബാന്‍ ഉന്നയിക്കുന്ന വാദം. ടിവി, റേഡിയോ, പൊതു ഇടങ്ങളിലെ സംഗീത പരിപാടികള്‍ എന്നിവ നേരത്തെ താലിബാന്‍ നിരോധിച്ചിരുന്നു.

1990 ല്‍ അധികാരത്തിലെത്തിയപ്പോഴും സംഗീതത്തിന് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് താലിബാന്‍ ഭരണം അവസാനിച്ചതിനെ തുടര്‍ന്ന് സംഗീതപരിപാടികള്‍ വ്യാപകമായിരുന്നു. 2021 ല്‍ വീണ്ടും താലിബാന്‍ അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തെ ഗായകരില്‍ ഭൂരിഭാഗവും നാടുവിട്ടിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp