‘വന്നയുടൻ സിക്സ് അടിക്കുന്നതെന്തിന്?’, നാലാം നമ്പറിൽ സഞ്ജു അനുയോജ്യനല്ലെന്ന് വസീം ജാഫർ


Wasim Jaffer Delivers Worrying Verdict About Sanju Samson: 
എന്തുകൊണ്ടാണ് തനിക്ക് ഇത്രയധികം ആരാധകരുള്ളതെന്ന് തെളിയിക്കുന്ന പ്രകടനമാണ് വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മലയാളീ താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന കൂറ്റൻ സ്കോറിലേക്ക് ടീമിനെ നയിക്കുന്നതിൽ സഞ്ജുവിന്റെ പങ്ക് നിർണായകമായിരുന്നു. ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ അതിവേഗം നഷ്ടപ്പെടുകയും, ബാറ്റിംഗ് തകർച്ചയിലേക്ക് നീങ്ങുമ്പോഴായിരുന്നു അദ്ദേഹം ബാറ്റിംഗിന് ഇറങ്ങിയത്.

സഞ്ജു സാംസണും ശുഭ്‌മാൻ ഗില്ലും ചേർന്ന് മൂന്നാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ ഇന്നിംഗ്‌സ് വീണ്ടും ട്രാക്കിലെത്തിച്ചു. നേരിട്ട രണ്ടാം പന്ത് തന്നെ സിക്സർ പറത്തിയ രാജസ്ഥാൻ റോയൽസ് നായകൻ, 41 പന്തിൽ 2 ഫോറും 4 സിക്സും സഹിതം 51 റൺസെടുത്താണ് പുറത്തായത്. മത്സരത്തിൽ ടീം ഇന്ത്യ 200 റൺസിന്റെ കൂറ്റൻ ജയം നേടി ഏകദിന പരമ്പര 2-1 സ്വന്തമാക്കുകയും ചെയ്തു. ഈ പ്രകടനത്തിലൂടെ സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥിരമായ സ്ഥാനം ഉറപ്പിക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

2023 ഐസിസി ഏകദിന ലോകകപ്പ് അടുത്തിരിക്കെ, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ നാലാം നമ്പറിൽ ഇറക്കിയതിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ. നിർണായകമായ നാലാം നമ്പറിൽ കളിക്കാൻ സഞ്ജു അനുയോജ്യനല്ലെന്നാണ് ജാഫർ പറയുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ ലോഫ്റ്റഡ് ഷോട്ടുകൾ കളിച്ച സഞ്ജുവിന്റേത് ഹൈ റിസ്ക് ഗെയിമാണെന്നാണ് വിമർശനം.

“സഞ്ജു നന്നായി ബാറ്റുചെയ്തു, പക്ഷേ ഹൈ റിസ്ക് ഗെയിമാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്നിംഗ്സ് നോക്കൂ, കളിക്കാൻ എത്തിയ ഉടൻ രണ്ട് സിക്സറുകൾ അടിച്ചു. സഞ്ജുവിന് കണക്‌റ്റ് ചെയ്യാൻ കഴിഞ്ഞത് കൊണ്ടാണ് ബൗണ്ടറി കടന്നത്. ടൈമിംഗ് തെറ്റിയിരുന്നെങ്കിൽ? ക്യാച്ച് ആയി മാറുമായിരുന്നു. ഇതാണ് സഞ്ജു സാംസണിന്റെ കുഴപ്പം. നാലാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങുന്നവർ ഇതുപോലെ കളിക്കാൻ പാടില്ല, എനിക്ക് സംശയമുണ്ട്. ടീം മാനേജ്മെന്റ് ആ ലൈസൻസ് നൽകുന്നുണ്ടെങ്കിലും നല്ലകാര്യം, പക്ഷേ സ്ഥിരതയും ഒരു പ്രശ്നമാണ്. ഇതാണ് എൻ്റെ ആശങ്ക”- വസീം ജാഫർ ESPNCricinfo യോട് പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp