‘വൈറ്റില ഹബ്ബില്‍ നിന്ന് രാവിലെ ബസില്‍ കയറി’; തൃശൂരില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ നിര്‍ണായക വിവരം.

തൃശൂര്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ നിര്‍ണായക വിവരം നല്‍കി ബസ് ജീവനക്കാരന്‍. തൃശൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ വൈറ്റില ഹബ്ബില്‍ നിന്ന് ബസില്‍ കയറിയെന്നാണ് ബസ് കണ്ടക്ടറുടെ വെളിപ്പെടുത്തല്‍.

‘വൈറ്റില ഹബ്ബില്‍ നിന്ന് ബസില്‍ കയറിയ കുട്ടികള്‍ എറണാകുളത്താണ് പോകേണ്ടതെന്ന് ടിക്കറ്റ് എടുക്കുമ്പോള്‍ പറഞ്ഞു. എറണാകുളത്ത് എവിടെയെന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ പരസ്പരം മുഖത്ത് നോക്കി. എവിടെയാണ് പഠിക്കുന്നതെന്നും ചോദിച്ചു. തൃശൂരാണ് വീടെന്നും ഇവിടെ കൂട്ടുകാരന്റെ വീട്ടില്‍ വന്നതാണെന്നും സ്ഥലപ്പേര് അറിയില്ലെന്നുമായിരുന്നു മറുപടി. തൃശൂരിലേക്ക് തിരികെ പോകണമെന്നും പറഞ്ഞു. ട്രെയിനിലാണ് പോകേണ്ടതെന്ന് പറഞ്ഞപ്പോള്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിക്കോളാന്‍ പറഞ്ഞു. പിന്നീട് ഫേസ്ബുക്ക് നോക്കിയപ്പോഴാണ് ഇവരെയാണ് കാണാതായതെന്ന വിവരം അറിയുന്നത്. രണ്ട് പേരും യൂണിഫോമിലായിരുന്നു’. കണ്ടക്ടര്‍ ഷിബു പറഞ്ഞു.

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുക്കാട് കോളനിയില്‍ സുരേഷിന്റെ മകന്‍ അര്‍ജുന്‍ (14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകന്‍ ദില്‍ജിത്ത് (14) എന്നിവരെയാണ് ഇന്നലെ ഉച്ചമുതല്‍ കാണാതായത്. ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കുട്ടികളുടെ ബാഗുകള്‍ ക്ലാസ് മുറികളിലുണ്ട്. സ്‌കൂള്‍ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 04885273002, 9497980532 എന്നീ നമ്പറുകളില്‍ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp