എഐ ക്യാമറ പിഴ അടക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പൂട്ട്; പിഴ മുടക്കിയാല്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയും

എഐ ക്യാമറ ചുമത്തുന്ന പിഴ അടയ്ക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കാന്‍ കഴിയില്ല. പിഴ അടച്ചു തീര്‍ത്താല്‍ മാത്രമായിരിക്കും വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ അനുവദിക്കുക. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ഗതാഗതനിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്തുകയാണ് ചെയ്യുക. ഇതിന് പുറമേയാണ് ഇന്‍ഷുറന്‍സ് പുതുക്കുന്നത് കൂടി തടയുന്നത്.
അപകടനിരക്ക് കൂടുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

എ.ഐ കാമറ പ്രവര്‍ത്തിച്ചു തുടങ്ങിയശേഷം ഇതുവരെ 25 കോടി രൂപ പിഴ ചുമത്തി. ഇതില്‍ 3.7 കോടി രൂപമാത്രമാണ് പിഴ അടച്ചത്. എ.ഐ. ക്യാമറ ഓഗസ്റ്റ് രണ്ടുവരെ കണ്ടെത്തിയത് 32.42 ലക്ഷം നിയമലംഘനങ്ങള്‍. 15.83 ലക്ഷം കേസുകളില്‍ പിഴചുമത്തി. 3.82 ലക്ഷംപേര്‍ക്ക് പിഴയടയ്ക്കാന്‍ ചെലാന്‍ നോട്ടീസും അയച്ചിട്ടുണ്ട്. 2022 ജൂലൈയില്‍ അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു.

ലഭിക്കുന്ന ചിത്രങ്ങള്‍ പരമാവധി സൂക്ഷ്മതയോടെ പരിശോധിച്ചാണ് പിഴ ചുമത്തുന്നത്. പരാതി സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ അപ്പീല്‍ സംവിധാനം സെപ്റ്റംബറില്‍ നിലവില്‍ വരും. ഇതര സംസ്ഥാന വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിനായി കേരളത്തിലെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജൂണ്‍ അഞ്ചാം തീയതി മുതലാണ് പിഴ ഈടാക്കി തുടങ്ങിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp