ഇങ്ങനെ ഓണം അടിച്ചു പൊളിക്കണ്ട! വാഹനാഭ്യസങ്ങൾ വേണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ

ഓണം അടുത്തെത്തി. ആഘോഷത്തിന്റെ നാളുകളിലേക്ക് കടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ആഘോഷങ്ങൾ നടക്കും. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കോളേജുകളിൽ ഉൾപ്പെടെ ഓണാഘോഷത്തിനൊപ്പമുള്ള വാഹനാഭ്യാസങ്ങളും നടക്കുന്നാതായും ഇതിൽ നിരവധി അപകടങ്ങൾ ഉണ്ടാകുന്നതായും വാർത്തകൾ വന്നിരുന്നു. ഇത്തവണ ഇത്തരത്തിലുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ.

ഓണാഘോഷത്തിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങളും അഭ്യാസങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ രാജീവ് മുന്നറിയിപ്പ് നൽകി. ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നിവ കൂടാതെ ക്രെയിൻ വരെ ഓണാഘോഷം പൊലിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾ ആഘോഷമാക്കി എത്തിച്ചിട്ടുണ്ട്. വാഹനങ്ങൾ രൂപമാറ്റം വരുത്തിയാണ് എത്തിക്കുന്നത്. ഇവ ഉപയോഗിച്ച് കോളേജ് വളപ്പിലും റോഡുകളിലും റാലികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയിലേക്ക് കടക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നത്.

നിർദേശം മറികടന്ന് ഇത്തരം ആഘോഷങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ വ്യക്തമാക്കി. കൂടാതെ ഇത്തരം നിയമലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാൽ കർശന നടപടി സ്വീകരിക്കാനുള്ള സംവിധാനം ഉറപ്പാക്കിയിട്ടുണ്ടെന്നും ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

2015ൽ തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ ഓടിച്ച ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ചിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിലെ ജീപ്പിടിച്ചായിരുന്നു അപകടം. 2019ൽ പെരിങ്ങമല ഇക്ബാൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ സംഘടിപ്പിച്ച വാഹനറാലിക്കിടെ വാഹനമിടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റിരുന്നു. ജീപ്പുകളിലും കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാർഥികൾ ഓണാഘോഷ റാലിയിൽ പങ്കെടുക്കാനെത്തുന്നത്. ഇത്തരം ആഘോഷങ്ങൾ കോളേജുകളിലെ മറ്റുള്ളവർക്ക് മാത്രമല്ല റോഡ് യാത്രക്കാർക്കും ഭീഷണിയാകുമെന്നത് അപകടങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഓണാഘോഷങ്ങളിൽ ജീപ്പിന്റെ മുകളിൽ കയറിയും കാറുകളിൽ ഡ്രിഫ്റ്റിങ്ങും വരെ നടത്തി അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp