സംസ്ഥാനത്ത് വിവിധ ജില്ലാ തലങ്ങളിൽ സ്വാതന്ത്രദിനം ആഘോഷിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലാ തലങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. സംസ്ഥാന തല ആഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വർക്കല എഎസ്പി വി.ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് പരേഡ് നയിച്ചു. 27 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്.

എറണാകുളം ജില്ലാതല ആഘോഷങ്ങൾ കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ ആരംഭിച്ചു. ദേവസ്വം മന്ത്രി മന്ത്രി കെ.രാധകൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തി. 30 പ്ലാറ്റൂണുകളും മൂന്ന് ബാന്റ് സംഘവുമാണ് ഇത്തവണ പരേഡില്‍ അണിനിരിക്കുന്നത്. വയനാട്ടിൽ വനം മന്ത്രി എകെ ശശീന്ദ്രനും മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി വി അബ്ദുറഹ്മാനും പതാക ഉയർത്തി. കൊല്ലത്ത് മന്ത്രി ആൻ്റണിരാജു സല്യൂട്ട് സ്വീകരിച്ച് പതാക ഉയർത്തി. കോഴിക്കോട് മന്ത്രി അഹമ്മദ് ദേവർ കോവിലും തൃശൂരിൽ റെവന്യൂ മന്ത്രി കെ രാജനും പതാക ഉയർത്തി.

മതേതരത്വമില്ലാതാക്കിയാൽ ജനാധിപത്യം ഇല്ലാതാകും എന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. രാജ്യത്തിന്റെ ഭരണ ഘടന നൽകുന്ന ഉറപ്പുകൾ ഇല്ലാതാക്കാനാണ് നീക്കം. ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണം. ബഹുസ്വരത രാജ്യത്ത് നിലനിർത്തണം. ഭരണ ഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് നൽകാനാവണം. പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു എന്നത് ഗൗരവമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണിപ്പൂർ വിഷയം ആശങ്കയുണ്ടാക്കുന്നു എന്ന് ആൻ്റണി രാജു പറഞ്ഞു. അന്യൻ്റെ അവകാശങ്ങളിൽ കൈകടത്തുന്നതാണ് പ്രധാന പ്രശ്നം. കലാപങ്ങൾക്ക് മുന്നിൽ നോക്കി നിൽക്കാൻ കഴിയില്ല. അവസരങ്ങൾ തുല്യമായി പങ്കുവെക്കുക. കേരളം ഇതിൽ നിന്ന് വിഭിന്നം. ഐക്യകേരളം രൂപം കൊണ്ട കാലം മുതൽ കേരളത്തിൽ അധികാരത്തിൽ വന്ന സർക്കാരുകൾ പുരോഗമന ചിന്തയുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള നീക്കം അപകടകരമാണെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു. രാജ്യത്തിൻറെ വൈവിധ്യങ്ങളെ നിലനിർത്താൻ കഴിയണം. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും മണിപ്പൂർ അശാന്തമാണ്. മണിപ്പൂരിൽ സമാധാനം ഉറപ്പാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp