ചന്ദ്രനോട് അടുത്ത് ചന്ദ്രയാന്‍ 3; ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ഓഗസ്റ്റ് 15, 17 തീയതികളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡര്‍ വേര്‍പെട്ടതിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു ഇന്നലെ പകര്‍ത്തിയത്. ചന്ദ്രനില്‍ നിന്ന് വ്യക്തതയുള്ള വിഡിയോകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മൊഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രകിയ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനോട് കൂടുതല്‍ അടുത്ത ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. 113 കിലോമീറ്റര്‍ മുതല്‍ 157 കിലോമീറ്റര്‍ പരിധിയില്‍ ലാന്‍ഡര്‍ എത്തിച്ചു. ഈ മാസം 20നാണ് അടുത്ത ഭ്രമണപഥം താഴ്ത്തല്‍.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഐ എസ് ആര്‍ഒ യുടെ ഏറ്റവും ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് പേടകത്തെ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp