ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട്; ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ

ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ നിൽക്കുന്നത്.

ചന്ദ്രയാൻ 2ലെ ചെറിയ പിശകുകളും വെലോസിറ്റിയിലെ പ്രശ്നങ്ങളും ഒക്കെ പരിഹരിച്ചാണ് ഇത്തവണത്തെ ഐഎസ്ആർഒയുടെ നീക്കം. സോഫ്റ്റ് ലാൻഡിം​ഗിന് ശേഷം ചന്ദ്രയാൻ പേടകം വഹിച്ചുകൊണ്ടുള്ള റോവർ ചന്ദ്രന്റെ ഉപരി തലത്തിൽ ഇറങ്ങും. അതിന് ശേഷം 14 ദിവസമാണ് പഠനം നടത്തുക. ​

ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാൻ രണ്ടിൽ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ലാൻഡിങ് ഏരിയ മാത്രമാണ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്‌ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ കുതിച്ചത്. 2019 ൽ ചന്ദ്രയാൻ 2 ദൗത്യം സോഫ്റ്റ് ലാൻഡിംഗ് സമയത്ത് വെല്ലുവിളികൾ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആർ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കൽ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 2019ൽ വിക്ഷേപിച്ച ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയെങ്കിലും റോവറിൽ നിന്ന് ലാൻഡർ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp