മലപ്പുറം തുവ്വൂരിൽ വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് സംഘം പരിശോധന നടത്തും. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം കണ്ടെത്തിയത്.
തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന, പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത (35) എന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് വിവരം. ഈ മാസം 11 മുതൽ ഇവരെ കാണാനില്ലായിരുന്നു. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.
തുവ്വൂർ പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരനാണ് വിഷ്ണു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ്. ഇയാളുടെ രണ്ട് സഹോദരങ്ങളും സുഹൃത്തും പിതാവുമാണ് അറസ്റ്റിലായത്. വൈശാഖ്, ജിത്തു, ഷിഹാൻ, മുത്തു എന്നിവരാണ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് മൃതദേഹം മാലിന്യക്കുഴിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം മൃതദേഹം സുജിതയുടേതാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.