വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. തേയില നുള്ളാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ 9 പേർ മരണപ്പെട്ടു. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മറ്റുള്ളവർ ചികിത്സയിലാണ്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
തേയില നുള്ളി തിരികെവരുമ്പോഴായിരുന്നു അപകടം. മരണപ്പെട്ടവരിൽ 6 പേരെ തിരിച്ചറിഞ്ഞു. റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മക്കി മലയിൽ തൊഴിലെടുത്തിരുന്ന എസ്റ്റേറ്റ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൻ്റെ നിയന്ത്രണം വിടുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്നു പേർ മരിച്ചിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.