ഇനിമുതല്‍ വാട്സ്ആപ്പിലൂടെയും ആധാറും പാൻ കാർഡും ഡൌൺലോഡ് ചെയ്യാം

ആധാർ കാർഡിന്റെയോ പാൻ കാർഡിന്റെയോ ഡിജിറ്റൽ കോപ്പി നമുക്ക് ആവശ്യമായ വരാറുണ്ട്. ഇത്തരം അവസരങ്ങളിൽ നമ്മൾ വെബ്സൈറ്റുകളിൽ കയറി വളരെ കഷ്ടപ്പെട്ടാണ് അവ എടുക്കാറുള്ളത്. ഡിജി ലോക്കറിന്റെ വരവോടെ നമ്മുടെ ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് തുടങ്ങിയവയെല്ലാം എളുപ്പം ആക്സസ് ചെയ്യാവുന്ന രീതിയിൽ ആപ്പിൽ ലഭ്യമായി തുടങ്ങി. ഇപ്പോഴിതാ വാട്സ്ആപ്പ് ചാറ്റിലൂടെ ആധാർ കാർഡോ പാൻ കാർഡോ ഡൌൺലോഡ് ചെയ്യാൻ (Aadhaar Download) സൌകര്യം നൽകുകയാണ് സർക്കാർ.

MyGov ഹെൽപ്പ് ഡെസ്ക്കാണ് വാട്സ്ആപ്പിലൂടെ ഡോക്യുമെന്റുകൾ ഡൌൺലോഡ് ചെയ്യാനുള്ള സൌകര്യം ഒരുക്കുന്നത്. വളരെ എളുപ്പത്തിൽ വാട്സ്ആപ്പിലൂടെ ആധാറും പാൻ കാർഡും ഡൌൺലോഡ് ചെയ്യാൻ കഴിയുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. വാട്സ്ആപ്പ് ചാറ്റ്ബോട്ടിന്റെ സഹായത്തോടെയാണ് ഇവ ഡൌൺലോഡ് ചെയ്യാൻ കഴിയുന്നത്. നിങ്ങൾ ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, സർട്ടിഫിക്കേറ്റുകൾ എന്നിവയെല്ലാം ഇതിലൂടെ ഡൌൺലോഡ് ചെയ്യാവുന്നതാണ്.

വാട്സ്ആപ്പിലൂടെ ആധാറും പാൻ കാർഡും ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ

  • +91-9013151515 എന്ന ഹെൽപ്പ്ഡെസ്ക് നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക
  • വാട്സ്ആപ്പ് തുറന്ന് കോൺടാക്റ്റ് ലിസ്റ്റ് റിഫ്രഷ് ചെയ്യുക
  • സെർച്ച് ചെയ്ത് MyGov ഹെൽപ്പ് ഡെസ്ക്ക് നമ്പർ തിരഞ്ഞെടുക്കുക
  • ‘Hi’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക
  • കൊവിൻ സർവ്വീസ്, ഡിജിലോക്കർ എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും
  • നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ആവശ്യപ്പെടും. ഇത് ടൈപ്പ് ചെയ്ത് അയക്കുക
  • നിങ്ങളുടെ ഡിജി ലോക്കർ അക്കൌണ്ടുമായി ലിങ്ക് ചെയ്ത ഡോക്യുമെന്റുകളുടെ ലിസ്റ്റ് കാണിച്ച് തരും
  • ഏത് ഡോക്യുമെന്റാണോ വേണ്ടത് അതിന് അടുത്തുള്ള നമ്പർ ടൈപ്പ് ചെയ്ത് അയക്കുക
  • പിഡിഎഫ് ആയി നിങ്ങളുടെ ഡോക്യുമെന്റ് ചാറ്റിലൂടെ അയച്ച് തരും, ഇത് ഡൌൺലോഡ് ചെയ്യാം

ശ്രദ്ധിക്കേണ്ട കാര്യം നമുക്ക് ഒരു സമയത്ത് ഒരു ഡോക്യുമെന്റ് മാത്രമേ ആവശ്യപ്പെടാനും ഡൌൺലോഡ് ചെയ്യാനും കഴിയു എന്നതാണ്. നിങ്ങൾ ഡിജിലോക്കറിൽ നൽകിയിട്ടുള്ള ഡോക്യുമെന്റുകൾ മാത്രമേ ഈ സേവനത്തിലൂടെ ലഭ്യമാവുകയുള്ളു. ഡിജിലോക്കർ ഉപയോഗിക്കാത്ത ആളുകൾ വേഗം തന്നെ ഈ സേവനം ഉപയോഗിച്ച് തുടങ്ങുക. ഇതിലൂടെ എല്ലായിപ്പോഴും ഡോക്യുമെന്റുകൾ കൊണ്ടുനടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും.

ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഡിജിലോക്കർ സേവനം ആരംഭിച്ചത്. ഇതൊരു ഇന്ത്യൻ ഓൺലൈൻ ഡിജിറ്റലൈസേഷൻ സേവനമാണ്. സർട്ടിഫിക്കേറ്റുകൾ, ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ ആധികാരികമായി സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ഡിജിറ്റൽ സേവനമാണ് ഇത്. എല്ലായിപ്പോഴും ഇത്തരം രേഖകൾ കൈയ്യിൽ കൊണ്ടുനടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും ഡിജിലോക്കർ സഹായിക്കുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp