മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം യോഗം ചേര്‍ന്ന പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണി ഏകോപന സമിതിയെ പ്രഖ്യാപിച്ചു. 13 അംഗ സമിതിയില്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇല്ല. കമ്മിറ്റിക്ക് കൺവീനറോ കോഡിനേറ്ററോ ഉണ്ടാകില്ല. മുഖ്യമന്ത്രിമാരിൽ നിന്ന് ഹേമന്ത് സോറൻ ഉൾപ്പെട്ടപ്പോള്‍ മമത ബാനര്‍ജിയും നിതീഷ് കുമാറും കമ്മിറ്റിയിൽ ഇല്ല.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍,തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്,ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, എഎപി എം.പി രാഘവ് ഛദൃ,സമാജ്വാദി പാര്‍ട്ടി നേതാവ് ജാവേദ് ഖാന്‍, ജനതാദൾ യുണൈറ്റഡ് ദേശീയ പ്രസിഡന്റ് ലാലന്‍ സിങ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഐ നേതാവ് ഡി. രാജ,നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പീപ്പിൾസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തി എന്നിവരാണ് സമിതിയിലുള്ളത്.
അതേസമയം, കമ്മിറ്റി അംഗങ്ങളുടെ എണ്ണം 14 ആക്കുമെന്നും സിപിഎം അംഗത്തെ
ഉള്‍പ്പെടുത്തുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഈ അംഗത്തെ പിന്നീട് തീരുമാനിക്കും.നേരത്തെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കമ്മിറ്റിയിൽ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ മാറ്റി ഡിഎംകെ നേതാവ് ടി.ആര്‍ ബാലുവുവിനെ ഉള്‍പ്പെടുത്തി.
19 അംഗങ്ങള്‍ ഉള്‍പ്പെടുന്ന മാധ്യമ പ്രചാരണത്തിനുള്ള വര്‍ക്കിങ് ഗ്രൂപ്പും സമൂഹ
മാധ്യമങ്ങളിലെ പ്രവര്‍ത്തനത്തിന് 12 അംഗ വര്‍ക്കിങ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. 19
അംഗങ്ങളുള്ള ക്യാംപയിന്‍ കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. പി.സി ചാക്കോ, ബിനോയ് വിശ്വം, എന്‍.കെ പ്രേമചന്ദ്രന്‍, ജി. ദേവരാജന്‍, ജോസ് കെ. മാണി എന്നിവരടക്കമുള്ളവരാണ് ക്യാംപയിന്‍ കമ്മിറ്റി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മത്സരിക്കുമെന്ന
പ്രമേയവും യോഗം പാസാക്കി. “ഭാരതം ഒന്നാകും ഇന്ത്യ ജയിക്കും” എന്നതാണ് സഖ്യത്തിന്റെ പ്രചരണ മുദ്രാവാക്യം. സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച നേതാക്കൾ,രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു റാലികൾ നടത്തുമെന്നും വ്യക്തമാക്കി. അതേസമയം, സഖ്യത്തിന്റെ ലോഗോ പ്രകാശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ഇന്‍ഡ്യ മുന്നണി ശക്തി പ്രാപിക്കുന്നതോടെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഏജന്‍സികളെ സര്‍ക്കാർ കൂടുതല്‍ ദുരൂപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.