പുതുപ്പള്ളിക്ക് പുതിയ നായകന്‍; ഇനി ചാണ്ടി നയിക്കും; റെക്കോര്‍ഡ് ലീഡോടെ വിജയം

ചരിത്ര റെക്കോര്‍ഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 40000 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-71,700, എല്‍ഡിഎഫ്-32401, എന്‍ഡിഎ-4321 എന്നിങ്ങനെയാണ് വോട്ട്‌നില.

ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.

ഉമ്മന്‍ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. എന്നാല്‍ വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് റൗണ്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് 2074 വോട്ടുകളുടെ ലീഡ് ആയിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത് 10218 വോട്ടുകളും.

പുതുപ്പള്ളിയില്‍ മൂന്നാം അങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ ഇത്തവണയും പുതുപ്പള്ളിക്കാര്‍ കൈവിട്ടു. 2016ല്‍ 44,505 വോട്ടുകളും 2021ല്‍ 54,328 വോട്ടുകളും ലഭിച്ച ജെയ്കിന് ഇത്തവണ 40000 പോലും എത്തിക്കാനായില്ല. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3768 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp