കോഴിക്കോട് നിപ സംശയം; ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുണെയില്‍ നിന്ന് ഇന്ന് വൈകീട്ടെത്തുമെന്നും ഈ ഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.വവ്വാല്‍, കാട്ടുപന്നി എന്നിവയാണ് നിപ വൈറസിന്റെ വാഹകരെന്നതിനാല്‍ ഇവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് വെറ്റിനറി ഓഫിസര്‍ ഡോ കെ ബി ജിതേന്ദ്രകുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി നിയന്ത്രണ പെരുമാറ്റ ചട്ടം നിലവിലുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കഴിവതും ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ടീമുകളെ ചുമതലപ്പെടുത്തി. ആദ്യം മരിച്ച ആളുടെ ഒന്‍പത് വയസുള്ള കുട്ടി വെന്റിലേറ്ററില്‍ ആണ്. മരിച്ച വ്യക്തിയുടെ ഭാര്യ ഐസൊലേഷനില്‍ ആണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് 2 മണിക്ക് കുറ്റ്യാടിയില്‍ പ്രാദേശിക യോഗം ചേരും. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് ഉള്ളവരെ ഇവിടെ ഐസോലേറ്റ് ചെയ്യും. 75 പേരുടെ സമ്പര്‍ക്ക പട്ടിക നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവരാണ്. ഇന്നലെ മരിച്ച വ്യക്തി വടകരയിലെ സ്വകാര്യ ആശുപതിയിലും പോയിട്ടുണ്ട്. ഇന്നലെ മരിച്ചയാളുടെ സംസ്‌കാരം പരിശോധനാ ഫലം വന്ന ശേഷം നടക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp