ആലുവയിൽ കേന്ദ്ര സേന ഇറങ്ങി; ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റ​ഗറി സുരക്ഷ, കാര്യാലയത്തിനും സുരക്ഷയൊരുക്കി

കൊച്ചി ; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിനെ തുടർന്ന് ആലുവയിൽ ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ആർഎസ്എസിൻ്റെ അഞ്ചു നേതാക്കൾക്കാണ് കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്. ആലുവയിലെ ആർഎസ്എസ് കാര്യാലയമായ കേശവസ്മൃതിക്കും സുരക്ഷ ഒരുക്കി. ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര സേനയുടെ നടപടി. സിആർപിഎഫ് പള്ളിപ്പുറം യൂണിറ്റിലെ 15 ഓളം വരുന്ന സംഘമാണ് ആലുവയിൽ എത്തിയത്. തുടർന്ന് ആർഎസ്എസ് കാര്യാലയത്തിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു. പോപ്പുലർ ഫ്രണ്ടിന് ഏറെ സ്വാധീനമുള്ള ആലുവയിൽ ഹർത്താൽ ദിനത്തിൽ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് പിഎഫ്ഐയുടെ വിവിധ ഓഫീസുകൾ അടച്ചുപൂട്ടി സീൽ ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ അക്രമത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര സേനയെ വിന്യസിക്കാൻ തീരുമാനിച്ചത്. അനിഷ്ട സംഭവങ്ങൾ നേരിടാനായി പോലീസ് തലത്തിലും യോഗം ചേർന്നിട്ടുണ്ട്. അതേസമയം പിഎഫ്ഐ നിരോധനത്തെ തുടർന്ന് സംസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലീസ് സേനയെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി. തുടർനടപടികൾ തീരുമാനിക്കാൻ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും എഡിജിപിയും ഉൾപ്പെട്ട സംഘം മുഖ്യമന്ത്രിയുമായി ചർ‌ച്ച നടത്തും.

രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പുറമെ എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രം നിരോധിച്ചിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (RIF), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (AIIC), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൺ റൈറ്റ്സ് ഓർഗ് (NCHRO), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ & റീഹാബ് ഫൗണ്ടേഷൻ കേരള തുടങ്ങിയ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp