പ്രവചനങ്ങൾക്ക് ഇടമില്ലാത്ത ഒരു കായിക വിനോദമാണ് ക്രിക്കറ്റ്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. 2007ൽ പ്രഥമ ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോൾ, ആരും തന്നെ ഇന്ത്യയെ ഒരു എതിരാളികളായി കണ്ടിരുന്നില്ല. എന്നാൽ പിന്നീട് മഹേന്ദ്ര സിംഗ് ധോണിയുടെ നായകത്വത്തിൽ യുവ ഇന്ത്യൻ ടീം മറ്റുള്ളവരുടെ പ്രതീക്ഷകൾ തെറ്റിച്ച് കപ്പ് ഉയർത്തുന്നത് നാം കണ്ടു.
ടി20 ലോകകപ്പ് 2007 ഇന്നും ഓരോ ക്രിക്കറ്റ് ആരാധകന്റെയും മനസ്സിൽ തങ്ങിനിൽക്കുന്ന അവിസ്മരണീയ നിമിഷങ്ങളിലൊന്നാണ്. ചിരവൈരികളായ പാകിസ്താനെ ഫൈനലിൽ തോൽപ്പിച്ച് ഇന്ത്യ കപ്പ് ഉയർത്തുമ്പോൾ അനുഭവിച്ച ആ ത്രിൽ പിന്നീടുണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ വിജയത്തിന് പുറമെ ആരാധകരുടെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന മറ്റൊരു നിമിഷം ആ ടൂർണമെന്റിൽ പിറന്നു. ലോകക്രിക്കറ്റ് അന്നോളം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഒരു ഐതിഹാസിക നിമിഷമായിരുന്നു അത്. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ നെഞ്ചിൽ ഇന്ത്യയുടെ ഒരേയൊരു ‘യുവരാജ്’ താണ്ഡവമാടിയ സുന്ദര നിമിഷം.
ലോക ക്രിക്കറ്റിൽ മാച്ച് വിന്നിംഗ് കേപ്പബിലിറ്റിയുള്ള താരങ്ങളിൽ ഒരാളാണ് യുവരാജ് സിംഗ്. അത് ഒരിക്കൽ കൂടി അടിവരയിടുന്ന കാഴ്ചയാണ് ആദ്യ ടി20 ലോകകപ്പിൽ കണ്ടത്. സെപ്തംബർ 19ന് ഡർബൻ ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കാനെത്തിയപ്പോൾ ആരും കരുതിയിരുന്നില്ല ക്രിക്കറ്റ് ചരിത്രത്തിലെ വലിയ റെക്കോർഡ് സൃഷ്ടിക്കപ്പെടുമെന്ന്. കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ഇംഗ്ലണ്ടുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഗംഭീറും (58), സെവാഗും (68) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി.
റോബിന്‍ ഉത്തപ്പ പുറത്തായ ശേഷം 17-ാം ഓവറിലാണ് യുവി ക്രീസിലെത്തുന്നത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 171. 18-ാം ഓവർ എറിയാൻ ആൻഡ്രൂ ഫ്ലിന്റോഫ് എത്തിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഫ്ലിന്റോഫിനെതിരേ യുവി തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ നേടി. തന്റെ ഓവറിൽ 12 റൺസ് നൽകിയ ഫ്ലിന്റോഫ് ഓവർ പൂർത്തിയാക്കിയ ശേഷം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയ്‌ക്കൊപ്പം പിച്ചിലുണ്ടായിരുന്ന യുവരാജിനെ ചൊറിയുന്നു. പിന്നീട് ഇരുവരും തമ്മിൽ മൈതാനത്ത് വാക്കേറ്റവും ഉണ്ടായി. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് ഈ അടി അവസാനിപ്പിച്ചത്.
എന്നാൽ യുവരാജിന്റെ കോപാഗ്നിയിൽ ഭസ്മമായത് അന്നത്തെ 21 കാരനായ യുവ ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിനായിരുന്നു. ആൻഡ്രൂ ഫ്ലിന്റോഫിനോടുള്ള കലിപ്പ് യുവി തീർത്തപ്പോൾ ബ്രോഡിൻ്റെ ആറു പന്തുകൾ നിലം കാണാതെ ബൗണ്ടറി കടന്നു. ബ്രോഡ് എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്ത് യുവരാജ് മിഡ് വിക്കറ്റിന് നേരെ സിക്സർ പറത്തി. രണ്ടാം പന്ത് സ്‌ക്വയർ ലെഗിന് മുകളിലൂടെ ഫ്ലിക്കുചെയ്ത് ആരാധകരിലേക്ക്. മൂന്നാം പന്ത് ഓഫ് സൈഡിലേക്ക്. അതും ഒന്നൊന്നര സിക്സ്. ഓവറിലെ ആദ്യ 3 പന്തിൽ തുടർച്ചയായി സിക്സറുകൾ പരന്നതോടെ സ്റ്റുവർട്ട് ബ്രോഡ് കടുത്ത സമ്മർദ്ദത്തിലായി.
നാലാം പന്ത് ഫുൾ ടോസ് എറിഞ്ഞ ബ്രോഡിനെ യുവി അനായാസം സിക്സർ പറത്തി. ഇതോടെ ക്യാമറ കണ്ണുകള്‍ ഫീല്‍ഡ് ചെയ്തിരുന്ന ഫ്ളിന്റോഫിന്റെ മുഖം ഒപ്പിയെടുത്തു. അഞ്ചാം പന്ത് യുവിയുടെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി മിഡ്വിക്കറ്റിന് മുകളിലൂടെ അതിര്‍ത്തി കടന്നു. ആറാമത്തെയും അവസാനത്തെയും പന്തും ലോങ്ഓണിന് മുകളിലൂടെ അതിര്‍ത്തികടന്നതോടെ കമന്ററി ബോക്സില്‍ നിന്ന് രവി ശാസ്ത്രി ആര്‍ത്തുവിളിക്കുകയായിരുന്നു. വെറും 12 പന്തില്‍ നിന്ന് യുവിക്ക് അര്‍ധ സെഞ്ചുറി, ഒപ്പം വേഗത്തില്‍ 50 തികച്ച റെക്കോഡും. യുവിയെ ചൊറിഞ്ഞാൽ ഗതി എന്തായിരിക്കുമെന്ന് ഫ്ലിന്റോഫ് ശരിക്കും തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. ഈ ഓർമ്മയ്ക്ക് ഇന്ന് 16 വയസ്സ് തികയുന്നു.