പിറവം: ഫിഷറീസ് വകുപ്പിന്റെ ” ജനകീയ മത്സ്യകൃഷി ” പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുകുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് പിറവത്ത് തുടക്കമായി. നഗരസയിലെ പത്തൊൻപതാം ഡിവിഷനിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്
ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറം അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, പി.ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, അന്നമ്മ ഡോമി, രമ വിജയൻ, ജിൻസി രാജു, മോളി ബെന്നി എന്നിവർ സംസാരിച്ചു.
അക്വാകൾച്ചർ കോർഡിനേറ്റർ പി.എസ് ശ്യംലാൽ, പ്രൊമോട്ടർമാരായ ഇ.എസ് ശ്രുതിമോൾ, സി.എൻ നീതു, സവിത വേലായുധൻ എന്നിവർ നേതൃത്വം നൽകി.
പൊതുജലാശയങ്ങളിൽ
മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പി ക്കുക, ഉള്‍നാടന്‍ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുക, സമീകൃതാഹാരം ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
30 സെന്റ് വിസ്തൃതിയുള്ള പെരത്തറകുളത്തിൽ കാര്‍പ്പ് ഇനത്തിൽപ്പെട്ട രോഹു, കട്ല, മൃഗാൾ എന്നിവയുടെ ആയിരം മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഭൂതത്താൻകെട്ട് മൾട്ടി സ്പീഷീസ് ഇക്കോ ഹാച്ചറി ഫോർ ഫിൻ ഫിഷസില്‍ നിന്നുമാണ് മത്സ്യവിത്തുകൾ എത്തിച്ചത്.
ഒരു വര്‍ഷത്തിനുള്ളില്‍ വിളവെടുപ്പ് നടത്തും. നഗരസഭയിലെ വിവിധ ഡിവിഷനുകളിലായി 31 ഓളം പൊതുകുളങ്ങളിലേക്കായ് പതിനയ്യായിരത്തോളം മത്സ വിത്തുകൾ വിതരണം ചെയ്തു.