ഫ്യൂസ് ഊരാൻ ചെന്ന കെഎസ്ഇബി ജീവനക്കാരെ അസഭ്യം പറഞ്ഞ ഐഎൻഎൽ ജില്ലാ പ്രസിഡന്റ് കെഎസ്ഇബി ഓഫീസിൽ നേരിട്ടെത്തി മാപ്പ് പറഞ്ഞു

വൈദ്യുതി ബിൽ അടയ്ക്കാത്തതിന് ഫ്യൂസ് ഊരാൻ ചെന്ന കെഎസ്ഇബി ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഐഎൻഎൽ ജില്ലാ പ്രസിഡന്റ് പൊലീസ് കേസ് ഒഴിവാക്കാനായി കെഎസ്ഇബി ഓഫീസിൽ നേരിട്ടെത്തി ജീവനക്കാരോട് മാപ്പു പറഞ്ഞ് തലയൂരി.

ഐഎൻഎൽ ജില്ലാ പ്രസിഡന്റ് നിസാർ നുർമഹലാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തി ജീവനക്കാരുടെ യോഗത്തിൽ മാപ്പു പറഞ്ഞത്. സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. ലൈൻമാൻ അനിൽകുമാറും സഹപ്രവർത്തകനും നേരെയാണ് ആക്രമണമുണ്ടായത്. മൂർച്ചയേറിയ എന്തോ വസ്തു കൊണ്ട് അനിലിന്റെ കൈയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. കുടിശിക അടയ്ക്കാത്തതിനാൽ വൈദ്യുതി വിഛേദിക്കാൻ വന്നതാണെന്ന് ജീവനക്കാർ അറിയിച്ചപ്പോഴാണ് ആക്രോശിച്ചു കൊണ്ട് നിസാർ അവരെ കൈയേറ്റം ചെയ്തത്.

ജീവനക്കാർ ഓഫീസിലെത്തി അസി. എൻജിനീയറെ വിവരം ധരിപ്പിച്ചു. അദ്ദേഹം രേഖാമൂലമുള്ള പരാതി പൊലീസിൽ നൽകിയെങ്കിലും തുടർ നടപടി വൈകി. മൂന്നാഴ്ചയ്ക്ക് ശേഷമാണ് പോലീസ് വിഷയത്തിൽ ഇടപെട്ടത്. കഴിഞ്ഞ ദിവസം ഇൻസ്പെക്ടർ ജിബു ജോൺ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോൾ താൻ പരസ്യമായി മാപ്പു പറയാമെന്ന് നിസാർ സമ്മതിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ പരാതി ഒഴിവാക്കാമെന്ന് കെഎസ്ഇബി ജീവനക്കാരും സമ്മതിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഓഫീസിൽ ചെന്ന് ജീവനക്കാരുടെ യോഗത്തിൽ നിസാർ മാപ്പപേക്ഷിച്ചത്.

അനിലിനോട് പ്രത്യേകമായും ജീവനക്കാരോട് പൊതുവായും മാപ്പപേക്ഷിക്കുന്നുവെന്നാണ് നിസാർ പറഞ്ഞത്. ആ സമയത്ത് മറ്റൊരു മാനസികാവസ്ഥയിലായിരുന്നുവെന്നും മേലിൽ ഇത് ആവർത്തിക്കില്ലെന്നും നിസാർ പറഞ്ഞു. മാപ്പു പറഞ്ഞ സ്ഥിതിക്ക് തുടർ നടപടി ഒഴിവാക്കുകയാണെന്ന് കെഎസ്ഇബി ജീവനക്കാർ അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp