സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് കോടികൾ; കാരുണ്യ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു.കുടിശികയായി സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്.സംസ്ഥാനത്തെ 400 ആശുപത്രികളാണ് താൽക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വർഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്മെൻ്റുകൾ അറിയിച്ചു. ഒക്ടോബർ ഒന്ന് മുതലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.

350 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ തീരുമാനമെടുത്തിരുന്നു.

മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതൽ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോർഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തിൽ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പിന്മാറാത്ത സാഹചര്യത്തിലാണ് സർക്കാർ അടിയന്തിരമായി 104 കോടി അനുവദിച്ചത്.

പക്ഷെ, കുടിശ്ശിക മുഴുവൻ തീർക്കാതെ തീരുമാനത്തിൽ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീർക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp