കാർ യാത്രക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും അക്രമിക്കാൻ ഒരുങ്ങുകയും ചെയ്ത സംഭവത്തിൽ 2 യുവാക്കൾ അറസ്റ്റിൽ. ഇവർ സഞ്ചരിച്ച ബൈക്ക് കാറിൽ ഉരസിയതുമായി ബന്ധപ്പെട്ട് നടന്ന വാക്കുതർക്കമാണ് അറസ്റ്റിൽ കലാശിച്ചത്. താമരശേരി സ്വദേശി മുഹമ്മദ് ഫഹദ്, കൊടുവള്ളി സ്വദേശി സുനന്ദ് എന്നിവരാണ് അറസ്റ്റിലായത്. നടുറോഡിൽ വെട്ടുകത്തിയുമായി യുവാവ് കാർ യാത്രക്കാർക്ക് നേരെ എത്തുകയായിരുന്നു.
കോഴിക്കോട്: നടുറോഡിൽ വെട്ടുകത്തിയുമായെത്തി കാർയാത്രികനെ ഭീഷണിപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. ദേശീയപാതയിലെ താമരശ്ശേരി കാരാടിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. താമരശ്ശേരി ഉല്ലാസ് കോളനിയിൽ മുഹമ്മദ് ഫഹദ് (23), കൊടുവള്ളി മാനിപുരം പടിപ്പുരക്കൽ സുനന്ദ് (28) എന്നിവരാണ് അറസ്റ്റിലായത്. പുത്തൂർ സ്വദേശി അഖിൽ മഷൂദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റുചെയ്ത പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താമരശ്ശേരിയിൽ ദേശീയപാതയിൽനിന്ന് അണ്ടോണ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെച്ചായിരുന്നു സംഭവം. ഫഹദും സുനന്ദും എത്തിയ സ്കൂട്ടർ കാറിൽ ഉരസിയെന്ന് പറഞ്ഞുനടന്ന വാക്കേറ്റത്തിനൊടുവിലാണ് നടുറോഡിൽ വെട്ടുകത്തി പുറത്തെടുത്ത് ഭീഷണിപ്പെടുത്തിയത്.