കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസില്‍നിന്ന് പോലീസ്
പിടിച്ചെടുത്ത ക്യാമറകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ തിരിച്ചുനല്‍കാന്‍
ഹൈക്കോടതി ഉത്തരവിട്ടു. ഡയറക്ടര്‍മാരില്‍ ഒരാളായ സാജൻ സ്കറിയ
നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. പി.വി.
ശ്രീനിജന്‍ എം.എല്‍.എ.യെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ്
ഉപകരണങ്ങള്‍ പിടിച്ചെടുത്തത്.
ഉപകരണങ്ങളില്‍ ചിലത് എറണാകുളം സെഷന്‍സ് കോടതിയിലും ബാക്കി
പോലീസിന്റെ കൈവശവുമാണ്. പോലീസിന്റെ കൈവശമുള്ളത്
നിബന്ധനയോടെ കോടതിയുടെ കസ്റ്റഡിയിലുള്ളതും വിട്ടുനല്‍കണം.
മൊഴികളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ട കേസിൽ ഇലക്ട്രോണിക്
ഉപകരണങ്ങള്‍ എന്തിനു പിടിച്ചെടുത്തെന്ന് മനസ്സിലാവുന്നില്ലെന്ന് കോടതി
അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് ഉപകരണങ്ങൾ തൃപ്പൂണിത്തുറയിലെ റീജണൽ
ഫൊറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചെങ്കിലും ശേഖരിക്കുന്ന
വിവരങ്ങള്‍ സൂക്ഷിക്കാന്‍ 72 ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക്
വേണമെന്ന് വ്യക്തമാക്കി തിരിച്ചുനല്‍കി. 1.7 ലക്ഷം രൂപ വിലവരുന്ന ഹാര്‍ഡ്
ഡിസ്ക് വാങ്ങാന്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നുള്ള
അനുമതിതേടിയിട്ടുണ്ടെന്നും അതിനാല്‍ വിട്ടുനല്‍കാനാകില്ലെന്നും
പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.