മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്; വയനാട്ടില്‍ നിര്‍ണായക യോഗം; എഡിജിപി പങ്കെടുക്കും

സംസ്ഥാനത്തെ മാവോയിസ്റ്റ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നടക്കുന്ന യോഗത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ നേരിട്ട് പങ്കെടുക്കും. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മാവോ, നക്‌സല്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നത്. വയനാട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ യോഗം നടത്താനും മാവോ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരെ ഉള്‍പ്പെടെ സഹകരിപ്പിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്.

പശ്ചിമഘട്ട മേഖലയില്‍ മാവോ മിലിറ്റന്റ് ഓപറേഷനുകള്‍ക്ക് സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ വയനാട്ടില്‍ ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വയനാട്ടില്‍ ഇന്നും യോഗം നടക്കുന്നത്. നോര്‍ത്ത് സോണ്‍ ഐജിയും കണ്ണൂര്‍ ഡിഐജിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടികള്‍. പാടികള്‍ക്ക് സമീപം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ തകര്‍ത്തിരുന്നു. തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് കാരണമായ മാനേജ്‌മെന്റിനെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കുമെന്ന് മാവോയിസ്റ്റുകള്‍ പ്രദേശത്ത് ഇട്ട ലഘുലേഖയില്‍ പരാമര്‍ശമുണ്ടായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp