ആഗോള പട്ടിണി സൂചിക: ഇന്ത്യ 4 സ്ഥാനം താഴോട്ട്, പാകിസ്താനും ബംഗ്ലാദേശിനും പിന്നിൽ, എതിര്‍ത്ത് കേന്ദ്രം

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 111ലേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ പട്ടികയെ തള്ളി കേന്ദ്ര സർക്കാർ രം​ഗത്തെത്തി.

ദുഷ്ടലാക്കോടെയാണ് പട്ടിക തയ്യാറാക്കിയതെന്നും പൂർണമായും തള്ളിക്കളയണമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. 2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. പാകിസ്താൻ (102), ബംഗ്ലദേശ് (81), നേപ്പാള്‍ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം.

പട്ടിണി സൂചികയിൽ 28.7 സ്‌കോറാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്ത്യയിൽ പട്ടിണിയുടെ തോത് ഗുരുതരമാണെന്നാണ് വിലയിരുത്തൽ. അയർലൻഡ്, ജർമ്മനിയിൽ എന്നിവിടങ്ങളിലെ സർക്കാരിതര സംഘടനകളായ കൺസസേൺ വേൾഡ് വൈഡും വെൽറ്റ് ഹംഗർ ഹിൽഫുമാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന നാല് സൂചകങ്ങളിൽ മൂന്നെണ്ണവും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും മുഴുവൻ ജനസംഖ്യയെ പ്രതിനിധീകരിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, അതാത് രാജ്യങ്ങളുടെ സ്‌കോറുകൾ കണക്കാക്കാൻ ഒരേ മാനദണ്ഡമാണ് ഉപയോ​ഗിക്കുന്നതെന്നും ഏതെങ്കിലും രാജ്യത്തിന് വിട്ടുവീഴ്ച ചെയ്യുന്നത് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗ്ലോബൽ ഹംഗർ ഇൻഡക്‌സിലെ മുതിർന്ന നയ ഉപദേഷ്ടാവ് മിറിയം വീമേഴ്‌സ് ദി ഹിന്ദുവിനോട് പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp