ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ‘ലിയോ’ തീയറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഒക്ടോബര്‍ 19-ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ-ബുക്കിങ് നേരത്തേ ആരംഭിച്ചു കഴിഞ്ഞു. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.
എന്നാല്‍ തമിഴ്നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല. തമിഴ്നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്‍റെ ആവശ്യത്തെ കോടതി ഇപ്പോള്‍ തള്ളിയിരിക്കുകയാണ്.
കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്‍ശനം. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ചിത്രത്തിന് രാവിലെ നാല് മണി ഷോ അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഇതില്‍ സര്‍ക്കാറിന്‍റെ മറുപടിക്കായി നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ നല്‍കിയ ഹര്‍ജി കോടതി നാളത്തേക്ക് മാറ്റി. അതായത് ലിയോ ഏഴു മണി ഷോ നടക്കുമോ എന്ന കാര്യം നാളെ അറിയാന്‍ സാധിക്കും.
അതേ സമയം ഇന്ന് വൈകീട്ട് എസ് എസ് ലളിത് കുമാറും, തീയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടികാഴ്ച നടത്തും എന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ നാളെ കോടതിയില്‍ മറുപടി നല്‍കുക. അതിന് പിന്നാലെ 7 മണിക്കെങ്കിലും ലിയോ കാണാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് തമിഴ്നാട്ടിലെ വിജയ് ആരാധകര്‍.