എം എം മണി വാ പോയ കോടാലി, ഇത്തരം ആളുകള്‍ കേരളത്തിന്റെ ഗതികേടാകാതിരിക്കാന്‍ ഇവരെ സിപിഐഎം വീട്ടിലിരുത്താന്‍ തയാറാകണം: വി ഡി സതീശന്‍

പി ജെ ജോസഫിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എം എം മണിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എം എം മണി വാ പോയ കോടാലിയാണെന്നും എം.എം മണി കേരളത്തിന്റെയാകെയും സി.പി.എമ്മിന്റെയും ഗതികേടായി മാറാതിരിക്കാന്‍ ഇത്തരം ആളുകളെ വീട്ടിലിരുത്താന്‍ സിപിഐഎം തയാറാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്ഥിരമായി അസഭ്യം പറയുന്ന എം.എം മണിയുടെ സമനില തെറ്റിയെന്നാണ് പൊതുസമൂഹം കരുതുന്നത്. എം.എം മണി പൊതുശല്യമായി മാറാതിരിക്കാന്‍ സി.പി.എം നേതൃത്വത്തിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

മറുപടി ഇല്ലാതെ വരുമ്പോഴും സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴും രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാന്‍ എം.എം മണിയെ പോലുള്ള വാപോയ കോടാലികളെ ഇറക്കി വിടുന്നത് സിപിഐഎം കാലങ്ങളായി പയറ്റുന്ന തന്ത്രമാണെന്നാണ് വി ഡി സതീശന്റെ പരിഹാസം. ഇതിന് മുന്‍പും മണിയുടെ അശ്ലീല വാക്കുകള്‍ കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ വിഷലിപ്തമാക്കിയിട്ടുണ്ട്. സിപിഐഎമ്മിന്റെ മൗനാനുവാദത്തോടെയാണ് കെ.കെ രമ എം.എല്‍.എയെ നിയമസഭയില്‍ അധിഷേപിച്ചത്. ജനപ്രതിനിധികള്‍, വനിതാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് മണിയുടെ വായില്‍ നിന്നും വന്നിട്ടുള്ളതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച എം സി ദത്തനേയും പ്രതിപക്ഷനേതാവ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. തരം താണ ഭാഷ ഉപയോഗിച്ച എം സി ദത്തന്റെ മാതൃക മുഖ്യമന്ത്രിയായിരിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും കഴിവുകേടും ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നതും ഭരണത്തിന്റെ ഹുങ്കില്‍ അധിക്ഷേപിക്കുന്നതും ഫാസിസ്റ്റ് സര്‍ക്കാരുകളുടെ രീതിയാണ്. മോദിയുടെ വലതു നിലപാടുകള്‍, അതിനേക്കാള്‍ തീവ്രതയോടെയാണ് പിണറായിയും കൂട്ടരും കേരളത്തില്‍ നടപ്പാക്കുന്നത്. കാവി മാറി ചുവപ്പാകുന്നുവെന്ന വ്യത്യാസം മാത്രമെയുള്ളൂ. അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് മാപ്പ് പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp