ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിൽപ്പന പത്ത് ലക്ഷം പിന്നിട്ട് മാരുതി സുസുക്കി. ചെറു കാറുകളും എസ്‍യുവികളും അടക്കം 10 ലക്ഷം കാറുകളാണ് മാരുതി സുസുക്കി ഇതുവരെ നിരത്തിൽ എത്തിച്ചത്. ടൂ പെഡൽ ഓട്ടോമാറ്റിക് കാർ ടെക്‌നോളജിയെ ജനകീയമാക്കിയതിൽ വലിയ പങ്കാണ് മാരുതിക്കുള്ളതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
എഎംടി, 4 സ്പീഡ് ടോർക് കൺവേർട്ടർ, 6 സ്പീഡ് ടോർക് കൺവേർട്ടർ, ഇ–സിവിടി എന്നീ ഗിയർബോക്സുകളാണ് മാരുതിക്കുള്ളത്. നിലവിൽ 16 മോഡലുകളിൽ ഈ ഗിയർബോക്സുകൾ മാരുതി ഉപയോഗിക്കുന്നുണ്ട്. ഹാച്ച്ബാക്ക് മോഡലായ സെലേറിയോയിൽ 2014-ലാണ് മാരുതി സുസുക്കി ആദ്യമായി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയത്. എ.ജി.എസ്. ട്രാൻസ്മിഷനായിരുന്നു ഇത്.
പത്തുലക്ഷം കാറുകളിൽ 65 ശതമാനം കാറുകൾ എഎംടിയും 27 ശതമാനം ടോർക് കൺവേർട്ടറും 8 ശതമാനം വാഹനങ്ങൾ ഇ–സിവിടിയുമാണ്. ഓട്ടോമാറ്റിക് കാറുകളുടെ വിൽപ്പനയിൽ 58 ശതമാനവും നെക്‌സയിലൂടെയും 42 ശതമാനം അരീനയിലൂടെയാണെന്നും മാരുതി അറിയിച്ചു. നിലവിൽ ഓൾട്ടോ കെ10, എസ്–പ്രെസോ, വാഗൺആർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഫ്രോങ്സ് തുടങ്ങിയ വാഹനങ്ങൾ 5 സ്പീഡ് എഎംടി ഗിയർബോക്സും സിയാസ്, ജിംനി എന്നിവ 4 സ്പീഡ് ടോർക് കൺവേർട്ടർ ഗിയർബോക്സുമാണ് ഉപയോഗിക്കുന്നത്.
ഫ്രോങ്‌സ്, ബ്രെസ, എർട്ടിഗ, എക്‌സ്.എൽ.6, ഗ്രാന്റ് വിത്താര എന്നീ മോഡലുകളിലാണ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ളത്. ഗ്രാന്റ് വിത്താര, ഇൻവിക്ടോ വാഹനങ്ങളുടെ ഹൈബ്രിഡ് മോഡലിലാണ് ഇ-സി.വി.ടി. ഗിയർബോക്‌സുള്ളത്. 2014 ൽ മാരുതിയുടെ ആദ്യ എഎംടി കാറായ സെലേറിയോ എത്തിയതോടെയാണ് ഓട്ടമാറ്റിക് കാറുകളുടെ ജനപ്രീതി വർധിച്ചത്.