ഇസ്രയേല്‍ ഉപരോധം തുടരുന്ന ഗാസയില്‍ ആശുപത്രികളിലെ ദുരവസ്ഥ പങ്കുവച്ച് ഡോക്ടര്‍മാര്‍. അടിയന്തരമായി ഇന്ധനവും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ആവശ്യമാണെന്നും അല്ലാത്തപക്ഷം വലിയ ദുരന്തം നേരിടേണ്ടിവരുമെന്നും ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയിലെ ഡോ. നാസര്‍ ബുല്‍ബുള്‍ പറഞ്ഞു.
ഇന്‍ക്യുബേറ്ററുകളില്‍ നിരവധി കുഞ്ഞുങ്ങളുണ്ട്. ഇന്ധനക്ഷാമവും വൈദ്യുതി ഇല്ലാത്തതും കാര്യങ്ങള്‍ വഷളാക്കും. ഇവ പൂര്‍ണമായി ഇല്ലാതാകുന്നതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ദുരന്തമായി മാറും. ആവശ്യത്തിനുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വൈദ്യുതി പൂര്‍ണമായും നിലച്ചാല്‍ ഇന്‍ക്യുബേറ്ററുകളില്‍ ഉള്ള 55 കുഞ്ഞുങ്ങള്‍ അഞ്ച് മിനിറ്റിനകം മരണപ്പെടും. ഗാസ മുനമ്പിലെ വിവിധ ആശുപത്രികളിലായി 130 നവജാത ശിശുക്കളാണ് നിലവില്‍ ഇലക്ട്രിക് ഇന്‍ക്യുബേറ്ററുകളിലുള്ളതെന്ന് ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖിദ്ര അറിയിച്ചു.
ഗാസയിലെ 13 ആശുപത്രികളില്‍ ഏറ്റവും വലുതായ ഷിഫ ഹോസ്പിറ്റലില്‍ ഇന്ധനം അവസാനിച്ചു. ശേഷിച്ചവ ഇന്‍ക്യുബേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ സംവിധാനങ്ങളിലേക്ക് മാറ്റി. എന്നാല്‍ ഇതും എത്രമണിക്കൂര്‍ നേരത്തേക്ക് ഉണ്ടാകുമെന്നറിയില്ല. ലോകം മുഴുവന്‍ ഈ ഘട്ടത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.