രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച? 81.5 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

81.5 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡാറ്റാബേസിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. പൗരന്മാരുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വച്ചിരുന്നതായി യുഎസ് സൈബർ സുരക്ഷാ ഏജൻസിയായ റീസെക്യൂരിറ്റിയുടെ റിപ്പോർട്ട് ചെയ്യുന്നു.

ഡാറ്റ ചോർച്ച സ്ഥിരീകരിച്ചാൽ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോർച്ചയായിരിക്കും ഇത്. ‘pwn0001’ എന്ന ഹാക്കറാണ് വിവരങ്ങൾ ഡാർക്ക് വെബിൽ പുറത്തുവിട്ടത്. ആധാർ, പാസ്‌പോർട്ട് വിശദാംശങ്ങൾ, കൂടാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകൾ, ഫോൺ നമ്പറുകൾ, താൽക്കാലികവും സ്ഥിരവുമായ വിലാസങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൊവിഡ്-19 പരിശോധനയ്ക്കിടെ ഐസിഎംആർ ശേഖരിച്ച വിവരങ്ങളാണ് ചോർത്തിയതെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്.

80,000 യുഎസ് ഡോളറാണ് (ഏകദേശം 66.61 ലക്ഷം രൂപ) ഈ വിവരശേഖരത്തിനു വിലയിട്ടിരുന്നത്. അതേസമയം കൊവിഡ്-19 ടെസ്റ്റ് ഡാറ്റ സംബന്ധിച്ച വിവരങ്ങൾ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്റർ, ഐസിഎംആർ, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലുണ്ട്. അതിനാൽ ചോർച്ചയുടെ പ്രഭവകേന്ദ്രം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിവര ചോർച്ചയെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp