കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ കെഎസ് യുവിന് അട്ടിമറി ജയം. 23 വർഷത്തിന് ശേഷം വിക്ടോറിയ കോളജിൽ കെഎസ് യു യൂണിയൻ പിടിച്ചെടുത്തു. പട്ടാമ്പി ഗവണ്മെന്റ് കോളേജിൽ 42 വർഷത്തിന് ശേഷം യൂണിയൻ കെഎസ് യുവിന് കിട്ടി.
നെന്മാറ എൻഎസ്എസ് കോളജിലും കെഎസ് യുവിനാണ് യൂണിയൻ. ഒറ്റപ്പാലം എൻഎസ്എസ് കോളജ്, തൃത്താല ഗവണ്മന്റ് കോളജ് എന്നിവിടങ്ങളിലും കെഎസ്യുവിനാണ് മുന്നേറ്റം. അതേസമയം ചിറ്റൂർ കോളേജ് എസ്എഫ്ഐ നിലനിർത്തി.
മലപ്പുറം ജില്ലയിൽ എം എസ് എഫിനാണ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം. 52 വർഷങ്ങൾക്കുശേഷം മഞ്ചേരി എൻഎസ്എസ് കോളജിൽ എംഎസ്എഫ് യൂണിയൻ ഭരണം തിരിച്ചു പിടിച്ചു. പെരിന്തൽമണ്ണ ഗവൺമെൻറ് കോളജിൽ പത്തു വർഷങ്ങൾക്കുശേഷമാണ് എംഎസ്എഫ് പാനൽ പിടിക്കുന്നത്. മലപ്പുറം ഗവ: കോളജ് ,കൊണ്ടോട്ടി ഗവ: കോളജ് ,നിലമ്പൂർ ഗവ: കോളജ് ,തവനൂർ ഗവ: കോളജ്,
മലപ്പുറം വനിതാ ഗവ: കോളജ് എന്നിവിടങ്ങളിൽ ശക്തമായ ആധിപത്യം എംഎസ്എഫ് നിലനിർത്തി.
ശക്തമായ മത്സരം നടന്ന കൊണ്ടോട്ടി ഗവൺമെൻറ് കോളജിൽ എംഎസ്എഫ് ഭരണം നിലനിർത്തി. തിരൂർ ഗവൺമെൻറ് കോളജിൽ എസ്എഫ്ഐ പാനൽ ഭരണം തിരിച്ചുപിടിച്ചു. അതേസമയം 38 വർഷങ്ങൾക്ക് ശേഷം യൂണിയൻ ഭരണം കിട്ടിയ തൃശൂർ കേരള വർമ കോളജിൽ എസ്എഫ്ഐ-കെഎസ്യു തർക്കമുണ്ടായി. ഒരു വോട്ടിൻരെ ഭൂരിപക്ഷത്തിന് കെഎസ്യു ജയിച്ചതോടെ റീക്കൗണ്ടിംഗ് വേണമെന്ന് ആവശ്യവുമായി എസ്എഫ്ഐ രംഗത്തെത്തി. റീക്കൗണ്ടിംഗ് തുടങ്ങിയെങ്കിലും കെ എസ് യുവിന്റെ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ നിർത്തിവെപ്പിച്ചു. ഇടതുപക്ഷ സംഘടനയുടെ അധ്യാപകർ ഇടപെട്ട് അസാധുവാക്കിയെന്നാണ് ആരോപണം. റീക്കൗണ്ടിംഗ് ഉന്നതരുടെ സാന്നിധ്യത്തിൽ മതിയെന്ന് ഡിസിസി പ്രസിഡന്റും ആവശ്യപ്പെട്ടു.