കരുവന്നൂരിൽ നിക്ഷേപ വിതരണം ഇന്നും തുടരും. ആദ്യദിനം 38 ലക്ഷം രൂപയാണ് നിക്ഷേപകർക്ക് തിരികെ നൽകിയത്. 43 നിക്ഷേപകർ മാത്രമാണ് പണം വാങ്ങാൻ എത്തിയത്. 50,000 രൂപമുതൽ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളാണ് ആദ്യഘട്ടത്തിൽ മടക്കി നൽകുന്നത്. പിന്നാലെ വലിയ തുകകൾ ഘട്ടംഘട്ടമായി തിരികെ നൽകാനുള്ള നടപടികളിലാണ് ബാങ്ക്
അതേസമയം കേസിൽ രണ്ടാം ഘട്ട അന്വേഷണം ഇഡി ആരംഭിച്ചു. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ട അന്വേഷണം. കേസിൽ കൂടുതൽ പേർക്ക് സമൻസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. നേരത്തെ ചോദ്യം ചെയ്ത മുൻ മന്ത്രി എസി മൊയ്തീനെയും എം കെ കണ്ണനെയും വീണ്ടും ചോദ്യം ചെയ്‌തേക്കും.
കരുവന്നൂരിൽ ഇതുവരെ 90 കോടിയുടെ കള്ളപ്പണം ഇടപാട് നടന്നു എന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. 55 പ്രതികളെ ഉൾപ്പെടുത്തി പന്ത്രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ഇ ഡി കോടതിയിൽ സമർപ്പിച്ചത്. അനധികൃത വായ്പ നൽകിയത് സി പി ഐ എം നേതാക്കളുടെ നിർദ്ദേശപ്രകാരമായിരുന്നു എന്ന് പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളും ഇ ഡി വിശദമായി പരിശോധിക്കും.