ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ മിസൈൽ ആക്രമണം

ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ ശക്തമായ മിസൈൽ ആക്രമണം. വടക്കൻ ഇസ്രയേലിലെ ഒരു പട്ടണത്തിൽ 12 മിസൈലുകൾ പതിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹമാസ് ഖ്വാസം ബ്രിഗേഡ് നേതൃത്വം ഏറ്റെടുത്തു.

ലെബനൻ അതിർത്തിക്കടുത്തുള്ള ഇസ്രായേൽ പട്ടണമായ കിര്യത് ഷ്മോണയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായി ഇസ്രായേലിന്റെ മെഡിക്കൽ സർവീസ് അറിയിച്ചു.
ഗസ്സയിലെ നമ്മുടെ ജനങ്ങൾക്കെതിരായ അധിനിവേശ കൂട്ടക്കൊലകൾക്ക് മറുപടിയായി പട്ടണത്തിന് നേരെ ഒരു ഡസൻ റോക്കറ്റുകൾ പ്രയോഗിച്ചുതായി ഹമാസിന്റെ സായുധ വിഭാഗത്തിലെ ലെബനീസ് വിഭാഗം പറഞ്ഞു.

അതേസമയം ഗസ്സയിലെ യുദ്ധത്തിൽ ഇതുവരെ മരിച്ച പലസ്തീൻകാരുടെ എണ്ണം 9061 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 32,000 പേർക്കു പരുക്കേറ്റു.

വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ മേഖലയിൽ 3 കൗമാരക്കാരുൾപ്പെടെ 4 പലസ്തീൻകാരെ വെടിവച്ചു കൊലപ്പെടുത്തിയതായി പലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. വെസ്റ്റ്ബാങ്കിൽ ഇതുവരെ 130 ലേറെ പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ഏഴിനാരംഭിച്ച സംഘർഷത്തിൽ ഇസ്രയേലിൽ ഇതുവരെ 1400 പേരാണു കൊല്ലപ്പെട്ടത്.

ഗാസ സിറ്റിയെ വടക്കു കിഴക്ക്, വടക്കു പടിഞ്ഞാറ്, തെക്കു ദിശകളിൽനിന്നു വളഞ്ഞാണ് ഇസ്രയേൽ സൈന്യം മുന്നേറുന്നത്. ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് അടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഹമാസ് പ്രവർത്തകർ ഗാസ സിറ്റിയിലെ ഭൂഗർഭ തുരങ്കങ്ങൾക്കു പുറമേ സാധാരണക്കാരുടെ വീടുകളിൽ ഒളിച്ചുപാർത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp