ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെ ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ചേർന്ന് പുറത്തിറക്കിയ പോസ്റ്ററിൽ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകൻ എബി കുരുവിളയുടെയും ചിത്രമാണുള്ളത്. കൊച്ചുമകന്‍റെ സൈക്കിളിനു പിന്നില്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പുമൊക്കെയായി ഇരിക്കുന്ന ഉതുപ്പേട്ടനാണ് പോസ്റ്ററില്‍ ഉള്ളത്. ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനുമാണ് വേഷമിടുന്നത്.
വി എം ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് ചിത്രത്തിൻ്റെ നിർമാണം. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഡിഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം അഭിനേതാക്കളെയപം കണ്ടെത്തിയിരിക്കുന്നത്.