ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റേണ്ട ആവശ്യമില്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. രാജ്യം ആദ്യം മുതൽ ഹിന്ദു രാഷ്ട്രമായിരുന്നു. ഭാവിയിലും അത് അങ്ങനെ തന്നെ തുടരുമെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു.
‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, ഭാവിയിലും അത് അങ്ങനെ തന്നെ തുടരും. രാജ്യത്ത് ഒരു ഹിന്ദു ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ഡോക്ടർ ഹെഡ്ഗേവാർ (ആർഎസ്എസ് സ്ഥാപകൻ) ഒരിക്കൽ പറഞ്ഞിരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ, ഇന്ത്യ അന്നും ഇന്നും എന്നും ഒരു ഹിന്ദു രാഷ്ട്രമായി തുടരും’ – ദത്താത്രേയ ഹൊസബലെ അവകാശപ്പെട്ടു.
‘ഹിന്ദുത്വ’ എന്നാൽ രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചുള്ള കരുതലും സമൂഹിക പുരോഗതിക്കായി അൽപ്പസമയം ചെലവഴിക്കലുമാണ്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ജോലിയാണ് ആർഎസ്എസ് ചെയ്യുന്നത്. അതിനാൽ, ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കേണ്ട ആവശ്യമില്ല, കാരണം ഇന്ത്യ ഇതിനകം ഒരു ഹിന്ദു രാഷ്ട്രമാണ്. അതാണ് ആർഎസ്എസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘത്തിന്റെ ത്രിദിന അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഷ്ട്രീയ സ്വയംസേവക് സംഘ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ.