ഗസ്സയിൽ ദിവസേനെ നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് യുഎസ്. പലസ്തീനികൾക്ക് ഗസ്സ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് യു എസിന്റെ വിശദീകരണം. ഗസ്സയുടെ വടക്കൻ മേഖലയിലായിരിക്കും നാലുമണിക്കൂർ വെടിനിർത്തൽ പാലിക്കുക. സൈനിക നടപടികൾ എപ്പോൾ നിർത്തിവയ്ക്കുമെന്ന് ഓരോ ദിവസവും ഇസ്രയേൽ വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുൻപ് അറിയിക്കുമെന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്. ഗസ്സയിലേക്ക് മാനുഷിക സഹായം ഉൾപ്പെടെ എത്തിക്കുന്നതിനാണ് അയവില്ലാതെ തുടരുകയായിരുന്ന യുദ്ധത്തിന് ഇപ്പോൾ നേരിയ ശമനമുണ്ടാകുമെന്ന് അമേരിക്ക അറിയിച്ചിരിക്കുന്നത്.
അതേസമയം വെസ്റ്റ്ബാങ്കിൽ ഉൾപ്പെടെ സൈനിക നടപടികൾ കടുപ്പിക്കുകയാണ് ഇസ്രയേൽ. ജെനിൻ നഗരത്തിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയ്ക്ക് ശേഷം യുദ്ധത്തിന്റെ രണ്ടാമത്തെ ഹോട്ട്സ്പോട്ടായി വെസ്റ്റ് ബാങ്കിലെ ജനിൻ മാറുന്നതായി ജെറുസലേമിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. ജെനിൻ നഗരത്തിലെ അഭയാർത്ഥി ക്യാമ്പുകൾ ഉൾപ്പെടെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നത്. ഗസ്സയിൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചത് 10812 മനുഷ്യരാണ്.
ഗസ്സ സിറ്റിയുടെ തൊട്ടടുത്ത് നിന്നാണ് ഇസ്രയേൽ സൈന്യവും ഹമാസും പോരാടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈന്യം ഗസ്സ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവേശിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.