കൊച്ചി മെട്രൊ ഗ്രാഫീറ്റി ചെയ്ത കേസ്; പിന്നിൽ ഇറ്റാലിയൻ ‘റെയിൽ ഗൂൺസ്’ എന്ന് സംശയം

കൊച്ചി മെട്രൊയുടെ മുട്ടം യാഡിൽ അക്ഷരചിത്രം ( ഗ്രാഫീറ്റി ) വരച്ച കേസിൽ വഴിതിരിവ്. ഇറ്റാലിയൻ പൗരന്മാരാണ് ഗ്രാഫീറ്റി ചെയ്തതെന്ന് നി​ഗമനത്തിൽ പൊലീസ്. മെട്രൊ പൊലീസ് ഗുജറാത്തിലേക്ക്

അഹമ്മദാബാദിൽ അറസ്റ്റിലായ ഇറ്റാലിയൻ പൗരൻമാരാണ് കൊച്ചിയിലും ഗ്രാഫീറ്റി ചെയ്തതെന്നാണ് സംശയം. ഇതോടെ മെട്രൊ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലേക്ക് പോകും. അവിടെ അറസ്റ്റിലായ ഇറ്റാലിയൻ പൗരന്മാരെ ചോദ്യം ചെയ്യും.

അഹമ്മദാബാദിൽ അപ്പാരൽ പാർക്ക് സ്റ്റേഷനിൽ മെട്രൊ ട്രെയിനിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഗ്രാഫീറ്റി ചെയ്തതിന് 4 ഇറ്റാലിയൻ പൗരന്മാരെ സിറ്റി ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് മെട്രൊ റെയിലിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനു മണിക്കൂറുകൾക്കു മുൻപാണു ഗ്രഫീറ്റി ചെയ്തതെന്നു പൊലീസ് പറഞ്ഞു. നാലുപേരെയും കോത്തവാലയിലെ ഒരു ഫ്ലാറ്റിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്. ജാൻലുക, സാഷ, ഡാനിയേൽ, പൗളോ എന്നിവരാണ് അറസ്റ്റിലായത്.

ഇവർ സ്റ്റേഷനിൽ അതിക്രമിച്ചു കടന്നു മെട്രൊ റെയിൽ കോച്ചിൽ ‘ടാസ്’ എന്നു സ്പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ലോകത്തിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച് ട്രെയിനുകളിൽ ഗ്രാഫീറ്റി ചെയ്യുന്ന റെയിൽ ഗൂൺസ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നു പൊലീസ് പറഞ്ഞു.

മേയിൽ കൊച്ചി മെട്രൊയിലെ 4 കോച്ചുകളിൽ സ്പ്ലാഷ്, ബേൺ എന്നീ വാക്കുകൾ പെയിന്റ് ചെയ്തത് ഇവരാണെന്നാണ് പൊലീസ് വിലയിരുത്തൽ. കൊച്ചി മെട്രൊയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രാഫീറ്റി ചെയ്തത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp