‘ദിവസം 15 സിഗരറ്റ് വലിക്കും പോലെ അപകടം’; ഒറ്റപ്പെടൽ മാനസിക, ശാരീരികാരോഗ്യത്തിന് വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന

ഒറ്റപ്പെടൽ വളരെ ഗൗരവമുള്ള വിഷയമാണെന്ന് ലോകാരോഗ്യ സംഘടന. മാനസിക, ശാരീരികാരോഗ്യത്തിന് ഏകാന്തത വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. ലോക വ്യാപകമായി വലിയ ആരോഗ്യ പ്രശ്നമായ ഒറ്റപ്പെടലിനെ മറികടക്കാൻ വിവിധ രാജ്യങ്ങളിൽ പലതരത്തിലുള്ള പഠന ക്ലാസുകളും മറ്റുമാണ് ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നത്.

ഏകാന്തതയുടെയും ഒറ്റപ്പെടലിൻ്റെയും നമ്മുടെ പകർച്ചവ്യാധി എന്ന പഠന റിപ്പോർട്ടിൽ വളരെ ഗുരുതരമായ കാര്യങ്ങളാണ് ലോകാരോഗ്യ സംഘടന എഴുതിയിരിക്കുന്നത്. ഒറ്റപ്പെടൽ എന്നാൽ, വെറും മോശം അവസ്ഥ എന്നതിനപ്പുറം അത് വ്യക്തിപരവും സാമൂഹ്യപരവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൃദ്രോഗം, ഓർമക്കുറവ്, മസ്തിഷ്കാഘാതം, വിഷാദരോഗം, ഉത്കണ്ഠ, അകാല മരണം എന്നിങ്ങനെ വിവിധ അവസ്ഥകൾക്ക് ഏകാന്തത കാരണമാകും. ഒറ്റപ്പെടലുള്ളയാളുടെ ആരോഗ്യം ദിവസം 15 സിഗരറ്റ് വലിക്കും പോലെ കുറഞ്ഞുകൊണ്ടിരിക്കും. സ്കൂളിലോ ജോലി സ്ഥലത്തോ ഉള്ള ഏകാന്തത നമ്മുടെ പ്രകടനത്തെ ബാധിക്കും.

ഇന്ത്യൻ സമൂഹത്തിൽ അത്ര ഗുരുതരമായി കണക്കാക്കാത്ത ഒന്നാണ് ഒറ്റപ്പെടൽ. എന്നാൽ, പഠനങ്ങൾ തെളിയിക്കുന്നത് പ്രകാരം ഇന്ത്യയിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ ഏറെയാണ്. 2022ൽ മുംബൈയിലെ മുതിർന്നവരിൽ മാത്രം ഒറ്റപ്പെടൽ അനുഭവിക്കുന്നവർ 75 ശതമാനമായിരുന്നു. ഇവരെല്ലാവരും കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പലപ്പോഴും വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് ഒറ്റപ്പെടൽ മറ്റുള്ളവർ തിരിച്ചറിയാറ്.

2022 മെയിൽ നടന്ന മറ്റൊരു പഠനത്തിൽ ഇന്ത്യയിൽ 45 വയസിനു മുകളിലുള്ള 20.5 ശതമാനം പേർ ഒറ്റപ്പെടലും 13.3 ശതമാനം പേർ കടുത്ത ഒറ്റപ്പെടലും അനുഭവിക്കുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp