ട്രെയിനില്‍ നിന്ന് ടിടിഇ സ്ത്രീയെയും മകളെയും പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനി ഷെരീഫയും മകളുമാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് നിന്ന് പുറപ്പെട്ടപ്പോഴാണ് തള്ളിയിട്ടതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
ഇന്ന് വൈകുന്നേരം 6 മണിയോടെ നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഈ സമയത്ത് ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറിയതിന് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനിയായ ഷെരീഫയേയും മകളെയും ടി.ടി.ഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടു എന്നാണ് പരാതി. ട്രെയിന്‍ പെട്ടെന്ന് പുറപ്പെട്ടത് കാരണം ട2 കോച്ചില്‍ കയറിയേണ്ടി വന്നു എന്നാണ് ഷരീഫ പരാതിയില്‍ വ്യക്തമാക്കുന്നത്.
നേത്രാവതി എക്‌സ്പ്രസില്‍ തിരക്കേറുമ്പോള്‍ ജനറല്‍ ടിക്കറ്റെടുത്തവര്‍ സ്ലീപ്പര്‍ കോച്ചില്‍ കയറുന്നത് പതിവാണ്. അങ്ങനെ കയറിയവരെ സ്ലീപ്പര്‍ കോച്ചില്‍ നിന്നും പുറത്തിറക്കുക മാത്രമാണ് ചെയ്തതെന്നാണ് സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം. പരാതിയെക്കുറിച്ച് അന്വേഷിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.