തൃഷയ്‌ക്കെതിരായ വിവാദ പരാമര്‍ശം; മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് പൊലീസ്

നടി തൃഷ കൃഷ്ണയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ലിയോ സിനിമയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനിടെയാണ് നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം മന്‍സൂര്‍ അലി ഖാന്‍ നടത്തിയത്. തൃഷ തന്നെയാണ് ആദ്യം സമൂഹമാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രതികരിച്ചത്. നടനൊപ്പം ഇനി അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. പിന്നാലെ നടി ഖുശ്ബു, സംവിധായകന്‍ ലോകേഷ് കനകരാജ്, ഗായിക ചിന്മയി, ചിരഞ്ജീവി എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ചു.

മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവന നീചവും വെറുപ്പുളവാക്കുന്നതുമാണെന്നായിരുന്നു തൃഷയുടെ പ്രതികരണം. സ്ത്രീവിരുദ്ധ, സെക്‌സിസ്റ്റ്, അനാദരവായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവത്തിലുള്ള പരാമര്‍ശത്തെ അപലപിക്കുന്നു. ഇന്നുവരെ അയാളെപ്പോലെ ഒരു മോശം ആള്‍ക്കൊപ്പം ഒരുമിച്ചഭിനയിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ ആശ്വസിക്കുന്നു. ഇനിയും എന്റെ കരിയറിലുടനീളം അങ്ങനെ തന്നെയായിരിക്കും എന്ന് ഉറപ്പാക്കും. അയാളെപ്പോലുള്ളവരാണ് മനുഷ്യരാശിയില്‍ മോശം കൊണ്ടുവരുന്നത് എന്നും തൃഷ പ്രതികരിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp