കളമശേരി സ്ഫോടനം; നീറുന്ന മനസ്സുമായി ജെറാൾഡ് ആശുപത്രി വിട്ടു

കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ 13 കാരൻ ജെറാൾഡ് ജിം ആശുപത്രി വിട്ടു. പൊളളലേറ്റ മുറിവുകൾ ഭാഗീകമായി ഉണങ്ങിയെങ്കിലും, സ്ഫോടനത്തിന്റെ നടുക്കുന്ന ഓർമ്മകൾ മായാതെയാണ് കാലടി സ്വദേശിയായ ജെറാൾഡ് ജിം വീട്ടിലേക്ക് മടങ്ങിയത്. തന്റെ തൊട്ട് മുന്നിലിരുന്ന് കൺവെൻഷനിൽ പങ്കെടുത്ത സുഹൃത്ത് ലിബിന ജീവനോടെയില്ലെന്ന യാഥാർത്ഥ്യം ഇപ്പോഴും ജെറാൾഡിന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് അമ്മയുമായി വീട്ടിലേക്ക് മടങ്ങുമ്പോഴും ഒക്ടോബർ 29ന്റെ നടുക്കത്തിൽ തന്നെയാണ് ജെറാൾഡ്. ധൈര്യം പകർന്ന് കൂടെ നിന്നതിന് നന്ദി സൂചകമായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും, മധുരവും ഡോക്ടർമാർക്കും, നഴ്സുമാർക്കും വിതരണം ചെയ്താണ് ജെറാൾഡ് ആശുപത്രി വിട്ടത്.

കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ അമ്മയോടൊത്ത് യഹോവ സാക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് ഇടയിലാണ് സ്ഫോടനത്തിൽ ജെറാൾഡിന് പരിക്കേൽക്കുന്നത്. ജെറാൾഡ് ഇരുന്നതിന്റെ തൊട്ട് മുന്നിലായിരുന്നു സ്ഫോടനം നടന്നത്. പെട്രോളിൽ നിന്നുയർന്ന തീ ജ്വാലയിൽ ജെറാൾഡിന്റെ മുടിയടക്കം കത്തിയിരുന്നു. ജെറാൾഡിന്റെ മുഖത്തും, ഇരുകൈകൾക്കും, ഇടത്തേ കാലിനുമായിരുന്നു സ്ഫോടനത്തിൽ പരുക്ക് പറ്റിയത്. 10 ശതമാനത്തിലധികം പൊളളലേറ്റതിനാൽ രാജഗിരി ആശുപത്രിയിൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ജെറാൾഡ്.

അണുബാധ സാധ്യത കണക്കിലെടുത്ത് അതീവ ശ്രദ്ധ പുലർത്തിയായിരുന്നു ജെറാൾഡിനുളള ചികിത്സയെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മോധാവി ഡോ.ജിജി രാജ് കുളങ്ങര പറഞ്ഞു. ഡോ.ജിജി രാജ് കുളങ്ങരയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് സർജൻമാരായ ഡോ. ഗെലി ഈറ്റ്, ഡോ.പ്രവീൺ എ ജെ, ഡോ.ജോസി ടി കോശി എന്നിവരും 20 ദിവസം നീണ്ട ചികിത്സയിൽ പങ്കാളികളായി.

കൺവെൻഷൻ സെന്ററിൽ ജെറാൾഡിന്റെ മുന്നിലത്തെ നിരയിലിരുന്ന മലയാറ്റൂർ സ്വദേശി 13 വയസ്സുകാരി ലിബിന അപകട ദിവസം തന്നെ കൊല്ലപ്പെട്ടിരുന്നു. അപകടത്തിൽ ലിബിനയുടെ അമ്മ റീന ജോസ്‌ (സാലി- 45), സഹോദരൻ പ്രവീൺ എന്നിവർ കൂടി മരിച്ചതോടെ ഒരു കുടുംബത്തിൽ മാത്രം മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. ലിബിനയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജെറാൾഡിന്റെ കുടുംബം ആ നടുക്കത്തിൽ നിന്ന് കരകയറുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp