സ്പൈനൽ മസ്ക്കുലർ അട്രോഫി (എസ്.എം.എ) രോഗിയായ തന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തിത്തന്ന സർക്കാറിനോടുള്ള നന്ദി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കാൻ സിയ മെഹ്റിൻ എത്തി. ബാലുശ്ശേരി ഇയ്യാട് സ്വദേശി സിയ മെഹ്റിൻ എസ്‌എംഎ രോഗികളുടെ പ്രതിനിധിയായി ശനിയാഴ്ച നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാത യോഗത്തിലേക്ക് എത്തിയത്.
സ്വന്തം കാലുകള്‍ കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാത്ത 15 വയസ്സുകാരി സിയ ഉമ്മയ്ക്കൊപ്പം വീൽ ചെയറിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയത്. കഴിഞ്ഞ മെയ് 25ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സിയ മെഹ്റിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ സൗജന്യമായി ചെയ്തുതന്ന സർക്കാറിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ലെന്ന് സിയ മെഹ്റിൻ പറഞ്ഞു.
നിലവിൽ എസ്.എം.എ ബാധിച്ച ആറ് വയസ്സിന് താഴെയുള്ളവർക്ക് സർക്കാർ സൗജന്യ ചികിത്സ നൽകുന്നുണ്ട്. എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കു കൂടി ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കണമെന്നും ശസ്ത്രക്രിയക്കുള്ള തുക അനുവദിക്കണമെന്നും സിയ മെഹ്റിൻ മുഖ്യമന്ത്രിയോട് പറഞ്ഞു.
എസ്.എം.എ ടൈപ്പ് വൺ, ടു രോഗികളുടെ ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കാനുള്ള തീരുമാനം സർക്കാർ അനുഭാവപൂർവ്വമാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതിനായി ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെയുള്ളവ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.