ആശങ്കകൾക്ക് വിരാമം; അബിഗേൽ സുരക്ഷിത; കുഞ്ഞിനെ കിട്ടി

കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്.

നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. കുട്ടി കൊല്ലം ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതോടെ കുട്ടിയുടെ വീട്ടുകാരും ആശ്വാസത്തിലാണ്. കുട്ടിയെ കാണാതായത് മുതൽ നെഞ്ചുപൊട്ടിക്കരഞ്ഞ മാതാപിതാക്കൾക്കും സഹോദരനും ഇപ്പോൾ സന്തോഷത്തിലാണ്. ബന്ധുക്കളും നാട്ടുകാരും അടക്കം കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp