‘കമല്‍ വീണു, കമലം തിളങ്ങി ‘; മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

മധ്യപ്രദേശിലെ ജനങ്ങൾക്ക് നന്ദിയെന്ന് ശിവരാജ് സിംഗ് ചൗഹാൻ. വിജയത്തിന് സഹോദരി സഹോദരങ്ങളുടെ കാലുകളിൽ വണങ്ങുന്നു. ജനങ്ങളുടെ ആശീര്‍വാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാർട്ടി വീണ്ടും മധ്യപ്രദേശില്‍ സർക്കാർ രൂപീകരിക്കും. ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

അതേസമയം ഭരണം ഉറപ്പിച്ചതോടെ ഇനി മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ബി ജെ പിയിൽ ഉയരുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷനടക്കം പ്രതികരിക്കുമ്പോഴും ആരായിരിക്കും മുഖ്യമന്ത്രിയാകുകയെന്ന ചോദ്യത്തോട് അക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം നേടിയാൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പരിഗണിച്ചേക്കാൻ സാധ്യതയില്ല. 2019 ൽ ഓപ്പറേഷൻ താമരയിലൂടെ ബി ജെ പി അധികാരം നേടിയെടുത്തപ്പോൾ തന്നെ ചൗഹാന് പകരം മറ്റ് പേരുകൾ ബി ജെ പി ആലോചിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp