വാളയാർ പീഡനക്കേസിൽ സിബിഐക്കെതിരെ പെൺകുട്ടികളുടെ അമ്മ. സിബിഐ സംഘം തങ്ങൾ പറയാത്ത കാര്യങ്ങളും കുറ്റപത്രത്തിൽ എഴുതിചേർത്തിരിക്കാമെന്ന് പെൺകുട്ടികളുടെ അമ്മ. അതുകൊണ്ടായിരിക്കും കോടതി തങ്ങൾക്കെതിരെ കേസെടുത്തത്. ഒരിക്കലും കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന വിവരം മറച്ചുവെച്ചുവെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടില്ലെന്ന് പെൺകുട്ടികളുടെ മാതാവ് പറയുന്നു.പ്രതികൾക്ക് വേണ്ടി സിബിഐ സംഘം തങ്ങളെക്കൂടി പ്രതിചേർക്കുകയായിരുന്നു. സിബിഐ കുറ്റപത്രത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മക്കൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും ബന്ധുവായ പ്രതി മകളോട് മോശമായി പെരുമാറിയത് ശ്രദ്ധയിപ്പെട്ടപ്പോൾ വീട്ടിൽ കയറി തല്ലിയെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. അന്ന് നിയമവശങ്ങൾ അറിയാത്തതിനാലാണ് പരാതി നൽകാതിരുന്നതെന്നാണ് വാദം.സിബിഐ കുറ്റപത്രം യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനും നീതിക്കു വേണ്ടി സമരം ചെയ്യുന്ന മാതാപിതാക്കളെ പീഡിപ്പിക്കുന്നതിനുമാണെന്ന് വാളയാർ നീതിസമരസമിതി ആരോപിച്ചിരുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ പെൺകുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്.