EDRAAC ആമ്പല്ലൂർ മേഖലാ കുടുംബ സംഗമവും കലാസാംസ്‌ക്കാരിക സദസും ആദരവ് സമർപ്പണവും സെപ്റ്റംബർ 29 ന് നടക്കും

എറണാകുളം ജില്ല റസിഡൻറ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിലിന്റെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിലെ റെസിഡൻസ് അസോസിയേഷനുകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന എഡ്രാക്ക് ആമ്പല്ലൂർ മേഖല ആദ്യമായി മേഖലാടിസ്ഥാനത്തിൽ( പഞ്ചായത്ത് അടിസ്ഥാനത്തിൽ ) കുടുംബ സംഗമവും സാംസ്കാരിക സദസ്സും കലാസംഗമവും ആദരവ് സമർപ്പണവും 2024 സെപ്റ്റംബർ 29 ആം തീയതി കാഞ്ഞിരമറ്റം മില്ലുങ്കൽ കൊളു ത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.മേഖലയിലെ 36 റെസിഡൻസ് അസോസിയേഷനുകളിലെ കുടുംബാംഗങ്ങളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സഹകരണ മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സാംസ്കാരിക സദസ്സ് വൈകുന്നേരം 4 മണിക്ക് ബഹുമാനപ്പെട്ട കേരള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നതാണ്.

മേഖല പ്രസിദ്ധപ്പെടുത്തുന്ന സുവനീയർ യോഗത്തിൽ കോട്ടയം എംപി ശ്രീ കെ ഫ്രാൻസിസ് ജോർജ് പ്രകാശനം ചെയ്യുന്നതാണ്. പൊതുരംഗത്ത് ശ്രദ്ധേയവും മാതൃകാപരമായതും ആയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തിത്വങ്ങളെ ബഹുമാനപ്പെട്ട പിറവം എംഎൽഎ ശ്രീ അനൂപ് ജേക്കബ് ആദരിക്കുന്നുണ്ട്.ഈ വർഷം മേഖലയിലെ അസോസിയേഷനുകളിലെ കുടുംബാംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ഷാജി മാധവൻ പാരിതോഷികം നൽകി അനുമോദിക്കുന്നു. വിവിധ കലാകായിക ഇനങ്ങളിൽ പങ്കെടുത്ത അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു എം തോമസ് സമ്മാനങൾ വിതരണം ചെയ്യുന്നു . എഡ്രാക്ക് ജില്ല ഭാരവാഹികൾ, സഹകരണ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങ് രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ആണ് ക്രമീകരിച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി മാധവൻജില്ലാ പഞ്ചായത്ത് അംഗ ങ്ങളായ എൽദോ ടോംപോൾ അനിത ടീച്ചർ രക്ഷാധികാരിയും വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സജീവ് സഹരക്ഷാധികാരിയും ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു എം തോമസ് ചെയർമാനും വൈസ് പ്രസിഡൻറ് ശ്രീമതി ജയശ്രീ പത്മാകരൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജലജ മോഹൻ എന്നിവർ വൈസ് ചെയർമാൻമരും ശ്രീ പ്രശാന്ത് പ്രഹ്ലാദ് കൺവീനറും ആയി സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

നവതി ആഘോഷിക്കുന്ന ആമ്പല്ലൂരിലെ വിദ്യാഭ്യാസ കല സാംസ്കാരിക രംഗത്തെ പ്രമുഖനുമായ പ്രൊഫസർ ആമ്പല്ലൂർ അപ്പുക്കുട്ടൻ, സിനിമ രംഗത്തെ പ്രശസ്തനായ ശ്രീ പ്രശാന്ത് കാഞ്ഞിരമറ്റം, കഥകളി രംഗത്തെ ആചാര്യനായ ആർ എൽ വി ഗോപി ആശാൻ,മുതലായ പ്രശസ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരം നൽകി അനുമോദിക്കുന്നുണ്ട്.മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ മികച്ച പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ച ആമ്പല്ലൂർ പഞ്ചായത്ത്, മാതൃകാ സിഡിഎസ് ആയി തെരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജില്ലാതലത്തിൽ മികച്ച ഹരിതകർമ്മ സേനയായി തിരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂർ പഞ്ചായത്ത് ഹരിത കർമ്മ സേന എന്നിവരെയും ചടങ്ങിൽ അനുമോദിക്കുന്നുണ്ട്.

ആമ്പല്ലൂർ പഞ്ചായത്തിലെ മിക്കവാറും എല്ലാ വാർഡുകളിലും റെസിഡൻസ് അസോസിയേഷനുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ചില വാർഡുകളിൽ മൂന്നോളം റസിഡൻസ് അസോസിയേഷനുകളും പ്രവർത്തിക്കുന്നുണ്ട്. ഒരു പ്രദേശത്തെ അൻപത് മുതൽ 150 വരെ കുടുംബങ്ങൾ ചേർത്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ റെസിഡൻസ് അസോസിയേഷനുകൾ രൂപീകരിച്ചിട്ടുള്ളത്. അവയെല്ലാം തന്നെ ജില്ലാ രജിസ്ട്രാറുടെ ഓഫീസിൽ ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നവയാണ്. കുടുംബങ്ങൾ തമ്മിലും കുടുംബങ്ങൾക്കുള്ളിലും പരസ്പരം സ്നേഹവും സഹായവും സഹകരണവും സന്മനോഭാവവും വളർത്തിക്കൊണ്ടുവരുന്നതിനാണ് അസോസിയേഷനുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. അംഗങ്ങൾക്കിടയിൽ വിവിധതരത്തിലുള്ള സഹായങ്ങൾ ചെയ്തുകൊണ്ട് കാരുണ്യ പ്രവർത്തനവും അവ നിർവഹിക്കുന്നുണ്ട്. വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ഇടപെടുന്ന നിരവധി അസോസിയേഷനുകൾ നമ്മുടെ നാട്ടിലുണ്ട്.

നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് ഉയർന്ന് പ്രവർത്തിക്കുന്ന അസോസിയേഷനുകളും ഉണ്ട്. സർക്കാർ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന നിരവധി പദ്ധതികളിലും സംസ്ഥാന സർക്കാരിന്റെ പ്രധാന പ്രോജക്ടുകളുടെ സംഘാടനത്തിലും നിർവഹണത്തിലും റസിഡൻസ് അസോസിയേഷനുകൾക്ക് പ്രാതിനിധ്യം നൽകി വരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്തമായി അസോസിയേഷനുകൾ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്. വർഷത്തിലൊരിക്കൽ ഓണാഘോഷവും വാർഷികവും മാത്രം നടത്തിവരുന്ന അസോസിയേഷനുകളും ഉണ്ട്. വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും കൂടുതൽ ഇടപെടലുകൾ നടത്തുന്നതിന് സഹായകരമായ ഏകോപനവും, കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും നടത്തുന്ന വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനും അവയെ കൂടുതൽ ജനോപകാരപ്രദമായും ജനപങ്കാളിത്തത്തോടെയും നടപ്പാക്കുന്നതിനും സഹായകരമായ പ്രവർത്തനങ്ങളുടെ ചുമതലയാണ് മേഖലാതല സംഘടനാ സംവിധാനമായ മേഖലാ കമ്മിറ്റി നിർവഹിക്കുവാൻ ശ്രമിക്കുന്നത്. അതോടൊപ്പം വർഷം മുഴുവനും അസോസിയേഷന്റെ പ്രവർത്തനങ്ങളെ ചലനാത്മകമാക്കുന്നതിനും ഊർജ്ജസ്വലമാക്കുന്നതിനും പരിശ്രമിച്ചു വരുന്നു. വിവിധ കാരണങ്ങളാൽ നിർജീവമാകുന്ന അസോസിയേഷനുകളിൽ ഇടപെട്ടുകൊണ്ട് അവയെ പ്രവർത്തനക്ഷമമാക്കുന്നതിനും ശ്രമിക്കുന്നുണ്ട്.ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലിരിക്കുന്നതും ചർച്ച ചെയ്തു വരുന്നതുമായ റസിഡൻസ് അസോസിയേഷനുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി നൽകുന്നതിനുള്ള കരട് നിയമത്തിലും ഇത്തരം ഒരു പഞ്ചായത്ത്‌ സംഘടനാ തലവും തുടർന്ന് ജില്ലാതലവും, സംസ്ഥാന തലവുമാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്നാണ് അറിയുന്നത്.

പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്ത് പഞ്ചായത്ത് തല സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനുമാണ് കരട് നിയമത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്നും അറിയുന്നു. പഞ്ചായത്തിലെ എല്ലാ റസിഡൻസ് അസോസിയേഷനുകളും തമ്മിൽ നല്ല സൗഹൃദം ഉണ്ടാക്കി എടുക്കുന്നതിനും അവയെ ഏകോപിപ്പിച്ചുകൊണ്ട് കാര്യക്ഷമവും ജനോപകാരപ്രദവും ആയ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനും വിവിധ സർക്കാർ പദ്ധതികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളുടേയും ഗുണഫലങ്ങൾ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുന്നതിനും ഇത്തരത്തിലുള്ള പഞ്ചായത്ത് തല കുടുംബ സംഗമങ്ങൾ (റസിഡൻസ് അസോസിയേഷനുകളുടെ സംഗമങ്ങൾ) ആവശ്യമാണെന്ന് കരുതുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും ഇത്തരത്തിൽ ഒരു വേദി സഹായകരമാകും. നമ്മുടെ പഞ്ചായത്തിലെ പ്രതിഭകളെ അനുമോദിക്കുന്നതിനും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനും കൂടുതൽ വിശാലമായ ഒരു വേദി ഇതിലൂടെ സൃഷ്ടിക്കപ്പെടുകയാണ്. ഭാവിയിൽ,വർഷത്തിൽ ഒരു പ്രാവശ്യം,അതും കഴിയുമെങ്കിൽ, ഓണത്തോടനുബന്ധിച്ച്, നമ്മുടെ നാടിന്റെ, ഭേദചിന്തകളില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന, ഒരു സാംസ്കാരിക ഉത്സവമായി ഈ കുടുംബ സംഗമം മാറുന്ന തരത്തിലേക്ക് വരുന്ന വർഷങ്ങളിലും ഇത് തുടരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

ഈ ആദ്യ സംഗമത്തിന്റെ പോരായ്മകൾ മനസ്സിലാക്കി പരിഹരിച്ചുകൊണ്ട് കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഭാവിയിൽ തീർച്ചയായും ശ്രദ്ധിക്കുന്നതാണ്. എറണാകുളം ജില്ല റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിലിന്റെ (എഡ്രാക്)ഭാഗമായിട്ടാണ് ആമ്പല്ലൂർ മേഖല പ്രവർത്തിക്കുന്നത്.ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഓഫ് റസിഡന്റ്സ് ആൻഡ് വെൽഫെയർ അസോസിയേഷനിൽ (CORWA)എഡ്രാക് ഉൾപ്പെടുന്നു .ഈ സംഗമത്തിന് എല്ലാ സംഘടനകളുടെയും സഹകരണവും സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ സഹകരണവും അഭ്യർത്ഥിച്ചിട്ടുണ്ട്. റസിഡൻസ് അസോസിയേഷനുകളുടെ പ്രവർത്തനത്തിന് പ്രത്യേക പരിഗണന നൽകിവരുന്ന സംസ്ഥാന സർക്കാരിന്റെ സഹകരണവും അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ സംഗമത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും സഹായവും സഹകരണവും സവിനയം അഭ്യർത്ഥിക്കുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp