JioBook:15000 രൂപയ്ക്ക് ജിയോയുടെ ലാപ്ടോപ്പ്; ജിയോബുക്ക് വൈകാതെ വിപണിയിലെത്തും

ഇന്ത്യൻ ടെലിക്കോം വിപണി അടക്കി വാഴുന്ന റിലയൻസ് ജിയോ പുതിയ ലാപ്ടോപ്പ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വൈകാതെ തന്നെ ജിയോബുക്ക് (JioBook) എന്ന പേരിൽ കമ്പനി ബജറ്റ് ലാപ്ടോപ്പ് പുറത്തിറക്കും. ജിയോഫോണുകളെ പോലെ കുറഞ്ഞ വിലയിൽ ആവശ്യത്തിനുള്ള എല്ലാ ഫീച്ചറുകളുമായിട്ടായിരിക്കും ജിയോബുക്ക് ലാപ്ടോപ്പ് പുറത്തിറങ്ങുന്നത്. 4ജി സിം കാർഡ് സപ്പോർട്ടുള്ള ലാപ്ടോപ്പ് ആയിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

റിലയൻസ് ജിയോയുടെ ലാപ്ടോപ്പ് 184 ഡോളർ മാത്രം വിലയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 15,000 രൂപയാണ്. ബജറ്റ് ലാപ്‌ടോപ്പിൽ എംബഡഡ് 4ജി സിം കാർഡ് ആയിരിക്കും ഉണ്ടാവുക എന്നും സൂചനകളുണ്ട്. വില കൂടിയ ഡിവൈസുകൾക്കിടയിൽ വില കുറഞ്ഞ ജിയോഫോൺ വിജയിച്ചത് പോലെ വിജയം കണ്ടെത്താൻ കഴിയുന്നതായിരിക്കും ജിയോബുക്ക് എന്ന് റിലയൻസ് അധികൃതരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ജിയോഫോൺ ഇന്ത്യയിൽ സൃഷ്ടിച്ച തരംഗം ആവർത്തിക്കുന്നതാകും ജിയോബുക്ക് ലാപ്ടോപ്പ് എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കൗണ്ടർപോയിന്റിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം അവസാനം ലോഞ്ച് ചെയ്തതു മുതൽ ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 100 ഡോളറിന് താഴെയുള്ള സ്മാർട്ട്‌ഫോണാണ്. കഴിഞ്ഞ മൂന്ന് പാദങ്ങളിലായി വിപണിയിൽ വിറ്റഴിച്ച വില കുറഞ്ഞ ഫോണുകളിൽ അഞ്ചിലൊന്നും ജിയോഫോൺ നെക്സ്റ്റ് തന്നെയാണ്.

കോൺട്രാക്റ്റിന്റെ അടിസ്ഥാനത്തിൽ നിർമ്മാതാക്കളായ ഫ്ലെക്‌സ് പ്രാദേശികമായി തന്നെ ജിയോബുക്ക് നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. മാർച്ചോടെ “ലക്ഷക്കണക്കിന്” യൂണിറ്റുകൾ വിൽക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ തോതിൽ ഉത്പാദനവും നടക്കും. ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, എച്ച്പി, ഡെൽ, ലെനോവോ എന്നിവയടക്കമുള്ള കമ്പനികൾ കഴിഞ്ഞ വർഷം ഇന്ത്യയിലെ 14.8 ദശലക്ഷം യൂണിറ്റ് പിസികളാണ് വിറ്റഴിച്ചത്. ജിയോയുടെ വരവോടെ ബജറ്റ് വിഭാഗത്തിൽ മറ്റ് കമ്പനികൾക്ക് തിരിച്ചടിയുണ്ടാകും.

ജിയോബുക്കിന്റെ ലോഞ്ചോടെ മൊത്തം ലാപ്‌ടോപ്പ് വിപണിയിൽ കുറഞ്ഞ വിലയുള്ള ലാപ്ടോപ്പുകളുടെ വിൽപ്പന 15 ശതമാനമെങ്കിലും വർധിക്കുമെന്ന് കൗണ്ടർപോയിന്റ് അനലിസ്റ്റ് തരുൺ പഥക് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ ലാപ്‌ടോപ്പ് ജിയോയുടെ സ്വന്തം ജിയോഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. ജിയോ സ്റ്റോറിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഓഫീസിന് പുറത്തുള്ള കോർപ്പറേറ്റ് ജീവനക്കാർക്ക് വേണ്ടി ടാബ്‌ലെറ്റുകൾക്ക് പകരം ജിയോ ലാപ്‌ടോപ്പ് നൽകാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp