KSRTC ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റര്‍ ഒട്ടിക്കരുത്; ‘എന്റെ പടം കണ്ടാലും കീറണം’ – ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകൾ കണ്ടാൽ കീറിക്കളയണമെന്നും മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ജീവനക്കാരോട് പറഞ്ഞു. ബസിൽ പോസ്റ്ററൊട്ടിച്ച് എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല. ധൈര്യമായി ഇളക്കിക്കോളൂ. ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റർ ഒട്ടിക്കേണ്ടതില്ല. ഒരുസമ്മേളനത്തിന്റെയും ഫ്ളെക്‌സും പോസ്റ്ററും സ്റ്റേഷനുകളിൽ വേണ്ട -ഗണേഷ്‌കുമാർ നിർദേശം നൽകി.

ഓഫീസ് ജീവനക്കാർക്കുള്ള വീഡിയോ സന്ദേശത്തിലാണ് ബസുകളും സ്റ്റേഷനുകളും വൃത്തികേടാക്കുന്നതിനെതിരേ മന്ത്രി കർശനനിലപാടെടുത്തത്. യൂണിയനുകൾക്ക് ബോർഡുകൾ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കും. മറ്റേതെങ്കിലും സംഘടനകൾ പോസ്റ്റർ ഒട്ടിച്ചാൽ പോലീസിന് പരാതികൊടുക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഡിപ്പോകളിലേക്ക് വിളിച്ചാൽ ഫോൺ എടുത്ത് മാന്യമായി സംസാരിക്കണം. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ പുതിയ സംവിധാനം കൊണ്ടുവരും. ഡിപ്പോകളും സ്റ്റേഷനുകളും ആറുമാസത്തിനുള്ളിൽ പൂർണമായും കമ്പ്യൂട്ടർവത്കരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കമ്പ്യൂട്ടറുകൾ വാങ്ങാനുള്ള തുക അതത് പ്രദേശത്തെ എം.എൽ.എ.മാർ അനുവദിക്കും. -മന്ത്രി അറിയിച്ചു.ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉന്നതഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർചേർന്ന് വൃത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp